Connect with us

Malappuram

കുത്തിവെപ്പ് എടുക്കാത്തവരെ പ്രത്യേകം കണ്ടെത്തും

Published

|

Last Updated

മലപ്പുറം: ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രതിരോധ കുത്തിവെപ്പ് 100 ശതമാനത്തിലെത്തിക്കാന്‍ കഴിയുകയുള്ളൂ എന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേശ പതി പറഞ്ഞു.
ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത്- നഗരസഭ തലങ്ങളില്‍ നടത്തിയ ഊര്‍ജിത കുത്തിവെപ്പ് പരിപാടി വിലയിരുത്തുന്നതിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ രണ്ട് വരെ 10,122 പേര്‍ക്ക് ടി ഡി വാകസിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും മെഡിക്കല്‍ ഓഫീസര്‍മാരും അതത് സ്ഥലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 15 ആരോഗ്യ ബ്ലോക്കുകളിലെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കുത്തിവെപ്പ് എടുക്കാന്‍ ബാക്കിനില്‍ക്കുന്ന കുട്ടികളെ കുത്തിവെപ്പ് എടുപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായി ഗൃഹസന്ദര്‍ശനം നടത്തി ഓരോ കുട്ടിയും കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുത്തിവെപ്പ് പരിപാടി നടത്തുന്നതിന് ആരോഗ്യ വകുപ്പിന് ആവശ്യമായ സഹകരണം നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോടും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തുന്നതിന് സഹകരണം നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസറോടും കലക്ടര്‍ നിര്‍ദേശിച്ചു.
പരിപാടിക്ക് ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ പിന്തുണയും പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ വാഗ്ദാനം ചെയ്തു.
ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ വി സുധാകരന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്, മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോ. സൈറു ഫിലിപ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ആര്‍ രേണുക, ഡി പി എം ഡോ. വി വിനോദ്, മറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍ പങ്കെടുത്തു.

Latest