പറവണ്ണയില്‍ സി പി എം പ്രവര്‍ത്തകന് ക്രൂര മര്‍ദനം

Posted on: July 3, 2016 11:25 am | Last updated: July 3, 2016 at 11:25 am
SHARE

തിരൂര്‍: വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സി പി എം പ്രവര്‍ത്തകന് മര്‍ദനം. പറവണ്ണ പുത്തന്‍പുരയില്‍ ഹംസക്കോയയുടെ മകന്‍ ഇസ്ഹാഖി(25)നാണ് പള്ളി ഖബര്‍സ്ഥാനില്‍ വെച്ച് ക്രൂര മര്‍ദനമേറ്റത്. റമസാനിലെ 27-ാം രാവും അവസാന വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരവും നിര്‍വഹിച്ച് ഖബര്‍സ്ഥാനില്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയായിരുന്നു മര്‍ദനം. കല്ല് തുണിയില്‍ ചുറ്റിയും മാരകായുധങ്ങള്‍ ഉപയോഗിച്ചുമാണ് ഇസ്ഹാഖിന് നേരെ മര്‍ദനമുണ്ടായത്. കമ്മാക്കാന്റെ പുരക്കല്‍ ജലാല്‍, കുട്ടാത്ത് ഹംസക്കുട്ടി, കുട്ടാത്ത് യാസീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ മര്‍ദിച്ചത്. അക്രമ സ്ഥലത്ത് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. സംഭവം നടന്നയുടനെ പരുക്കുകളോടെ അവശനായി തളര്‍ന്ന ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തതായി തിരൂര്‍ സി ഐ സിനോജ് പറഞ്ഞു. അക്രമത്തിന് പിന്നില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് പരാതിക്കാരന്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം തുടര്‍ക്കഥയായ പറവണ്ണയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനിടെയാണ് പള്ളി ഖബര്‍സ്ഥാനില്‍ വെച്ച് യുവാവിനെ ക്രൂരമായി അക്രമിച്ചത്. ഒളിവില്‍ പോയ പ്രതിള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.