യൂറോ കപ്പ്: ഇറ്റലിയെ തോല്‍പിച്ച് ജര്‍മനി സെമിയില്‍

Posted on: July 3, 2016 10:56 am | Last updated: July 3, 2016 at 1:09 pm
SHARE

Germany2ഫ്രാന്‍സ്: പ്രധാന ടൂര്‍ണമെന്റുകളില്‍ ഇറ്റലിയോട് പരാജയപ്പെടുന്ന പതിവ് തിരുത്തി ജര്‍മനി. യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ജര്‍മനി യൂറോ കപ്പ് സെമിയില്‍ കടന്നു. യൂറോ കപ്പിന്റെ ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്ലാമര്‍ പോരാട്ടമായിരുന്നു ജര്‍മനി-ഇറ്റലി ക്വാര്‍ട്ടര്‍ പോരാട്ടം. രണ്ടാം പകുതിയില്‍ മസൂദ് ഓസിലാണ് ജര്‍മനിക്കായി ആദ്യം ലക്ഷ്യം കണ്ടത്. അധികം വൈകാതെ ബോക്‌സിനുള്ളില്‍ ബോട്ടെംഗിന്റെ കൈയില്‍ പന്തി തട്ടിയതിന് കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലിയനാര്‍ഡോ ബൊനൂച്ചി ഇറ്റലിയെ ഒപ്പമെത്തിച്ചു.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ ഇരു ടീമുകളും ഒന്‍പത് കിക്കുകള്‍ വീതമെടുത്തു. ജര്‍മനി ആറെണ്ണം വലയിലാക്കിയപ്പോള്‍ അഞ്ചെണ്ണം മാത്രമാണ് ഇറ്റലിക്ക് ലക്ഷ്യത്തിലെത്തിക്കാനായത്. സെമിയില്‍ ഫ്രാന്‍സ്-ഐസ് ലന്‍ഡ് മത്സരത്തിലെ വിജയികളാണ് ജര്‍മനിയുടെ എതിരാളികള്‍.