Connect with us

Gulf

ഗള്‍ഫ് മലയാളികളുടെ പണം പോകേണ്ട വഴി

Published

|

Last Updated

കേരളത്തില്‍, ഗള്‍ഫ് മലയാളികളുടെ ബേങ്ക് നിക്ഷേപം ഒരു ലക്ഷം കോടി കവിഞ്ഞത് കഴിഞ്ഞ വര്‍ഷം. അതിനു മുമ്പ്, 93,884 കോടി ആയിരുന്നു. 2014-15 സാമ്പത്തിക വര്‍ഷാവസാനം 1.1 ലക്ഷം കോടിയായി. 2015-16 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പിന്നെയും വര്‍ധിക്കും. ഏതാണ്ട് 20 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ഊഹം. മുന്‍വര്‍ഷം 17 ശതമാനം വര്‍ധനവുണ്ടായിരുന്നതായി, സ്റ്റേറ്റ് ലെവല്‍ ബേങ്കേര്‍സ് കമ്മിറ്റി (എസ് എല്‍ ബിസി) ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണിത്.
സഊദി അറേബ്യയില്‍ നിതാഖാത്ത്, എണ്ണവിലയിടിവുമൂലം ഗള്‍ഫിലാകെ ഉണ്ടായ സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും കേരളത്തില്‍, ഗള്‍ഫ് ഇന്ത്യക്കാരുടെ ബേങ്ക് നിക്ഷേപം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലാകെ ഏഴു ലക്ഷം കോടിയാണ് എന്‍ ആര്‍ ഐ നിക്ഷേപം എന്നിരിക്കെ, കേരളത്തിലെ തോത് എത്രമാത്രം ഉയര്‍ന്നതാണ് എന്നത് സുവ്യക്തം. വിദേശത്തു നിന്ന് ബേങ്ക് നിക്ഷേപം എത്തുന്നതില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. പ്രതിവര്‍ഷം 4.2 ലക്ഷം കോടി എന്നാണ് ലോക ബേങ്കിന്റെ കണക്ക്. അതില്‍ മുഖ്യപങ്ക് കേരളത്തിലെത്തുന്നുവെന്ന് പറയുമ്പോള്‍, അദ്ഭുതകരമെന്നാണ് വിശേഷിപ്പിക്കേണ്ടത്.
കേരളത്തില്‍ നിന്ന് കുറഞ്ഞത് 50 ലക്ഷം ആളുകള്‍ വിദേശത്ത് ജീവിതോപാധി തേടിപോയിട്ടുണ്ട്. കേരളത്തിന്റെ ജനസംഖ്യ 3.15 കോടി മാത്രമാണെന്ന് ഓര്‍ക്കണം. അത്തരമൊരു കൊച്ചു സംസ്ഥാനം ലോകത്തെ സമ്പന്നമായ പ്രദേശങ്ങളിലൊന്നായി, സമൂഹമായി മാറിയിരിക്കുന്നു. പക്ഷേ, സമൂഹത്തില്‍ സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ട്. കേരളത്തിന്റെ കടം പെരുകിവരുകയാണെന്നും ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു. ഇത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ത്തേണ്ട സമയമായി. ഗള്‍ഫ് പണം പ്രത്യുല്‍പാദനപരമല്ലാത്ത മേഖലകളിലേക്ക് പോകുന്നു എന്നതാണ് ലളിതമായ ഉത്തരം.
കേരളീയ സമൂഹത്തില്‍ പട്ടിണി കിടക്കുന്ന ഒരു കുടുംബവും ഉണ്ടാകരുതെന്ന് മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നു. എവിടെയെങ്കിലും ഭവന നിര്‍മാണം, ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സന്നിദ്ധത ഉണ്ടെന്ന് കേട്ടാല്‍ സഹായം എത്തിക്കാന്‍ ജാതിമത പ്രാദേശിക ഭേദമന്യെ, ഇറങ്ങിപ്പുറപ്പെടുന്നവര്‍ ധാരാളം. ചില ഗ്രാമങ്ങളില്‍ ഇതിന് നിരീക്ഷണ സമിതികളെവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റക്കാരുടെ മേല്‍കൈയില്‍, ഒരു ഗ്രാമം പൂര്‍ണമായും സ്വയംപര്യാപ്തമായതായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. “ഗള്‍ഫ് കമ്മിറ്റി” വീടില്ലാത്തവര്‍ക്ക് മോശമല്ലാത്ത കിടപ്പാടം നിര്‍മിച്ചുനല്‍കി. ഇത്തവണ, റമസാനില്‍ സഹായധനം എത്തിച്ചുകൊടുത്തപ്പോള്‍, അര്‍ഹരായവരെ കണ്ടെത്താന്‍ നിരീക്ഷണ സമിതി നന്നേ വിഷമിച്ചു. ഗ്രാമത്തില്‍, അത്രയൊന്നും സമ്പന്നമല്ലാത്ത ആളുകള്‍ക്കും അയല്‍ഗ്രാമത്തിലേക്കും ആയി കാരുണ്യ കൈനീട്ടം.
ചെറ്റക്കുടിലില്‍ നിന്ന് റാങ്ക് നേട്ടം, ദുരിതത്തില്‍ നിന്ന് അസാധാരണ പ്രതിഭ എന്നൊക്കെ വാര്‍ത്ത കണ്ടാല്‍, സഹായം ഉറപ്പ്. യു എ ഇ, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലെ മലയാളി കൂട്ടായ്മകളാണ് ഇക്കാര്യത്തില്‍ മുന്നില്‍, ലക്ഷക്കണക്കിന് കേരളീയരും, ആനുപാതികമായി ധാരാളം കൂട്ടായ്മകളും എന്നതാണ് നിമിത്തം. രണ്ടു രാജ്യങ്ങളിലായി 12 ലക്ഷത്തിലധികം മലയാളികള്‍. ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ വേറെ ലക്ഷങ്ങള്‍.
വ്യക്തികളെയും കുടുംബങ്ങളെയും മാത്രമല്ല, ഭരണകൂടത്തെയും സഹായിക്കാന്‍ ഗള്‍ഫ് മലയാളികള്‍ തയ്യാര്‍, പക്ഷേ, ഭരണകൂടം മികച്ച പദ്ധതികള്‍ വിഭാവനം ചെയ്യണം. നിക്ഷേപത്തില്‍, പലിശയെക്കാള്‍ ലാഭവിഹിതത്തിനാണ് വിദേശമലയാളികളില്‍ ഭൂരിപക്ഷം മുന്‍തൂക്കം നല്‍കുക.
വികസനത്തിന് പ്രവാസികളില്‍ നിന്ന് പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍, അത് തീര്‍ച്ചയായും ഉട്ടോപ്യന്‍ ആശയമല്ല. സ്വകാര്യ മേഖലയില്‍, ഗള്‍ഫ് മലയാളികൂട്ടായ്മയില്‍, കേരളത്തില്‍ നിരവധി സംരംഭങ്ങളുണ്ട്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദാഹരണം. പങ്കാളിത്തത്തില്‍ പരസ്പരം കൃത്യമായ വ്യവസ്ഥകളും കാര്യക്ഷമതയുള്ള നടത്തിപ്പുകാരും ഒരുമിക്കുമ്പോള്‍ വിസ്മയകരമായ ഫലം ഉണ്ടാകുന്നു.
ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള ഭരണകൂടമാണെങ്കില്‍, പൊതു പദ്ധതികളിലും നിക്ഷേപം നടത്താന്‍ ഏവരും തയ്യാറാകും. ബേങ്ക് നിരക്കിനെക്കാള്‍ കൂടുതല്‍ പലിശ നല്‍കാമെന്ന വാഗ്ദാനം പോലും ആവശ്യമില്ല.
പശ്ചാത്തല സൗകര്യവികസനത്തിന് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടത്, പ്രവാസികളുടെയും ആവശ്യമാണ്. വിദേശത്ത് മികച്ച റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും നിരന്തരം കാണുന്നവര്‍, നാട്ടിലും ഇതൊക്കെ വേണമെന്ന് ആഗ്രഹിക്കുന്നു. ദേശീയപാത നവീകരിക്കാന്‍ സമയബന്ധിതമായ നീക്കം വേണം. അതേസമയം, വികസനത്തിന്റെ പേരില്‍ ആരും കണ്ണീരുകുടിക്കാന്‍ പാടില്ല.
ജനസാന്ദ്രത ഏറെയുള്ള സ്ഥലങ്ങളില്‍, ഭൂഗര്‍ഭപാതകളോ നീളന്‍ പാലങ്ങളോ വിഭാവനം ചെയ്താല്‍, വീടോ കെട്ടിടമോ നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ പരിഹാരം നല്‍കിയാല്‍, ദേശീയപാതാ വികസനത്തെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
വിദേശ മലയാളികളുടെ പങ്കാളിത്തമുള്ള അനുയോജ്യമായ വ്യവസായ വാണിജ്യ വിനോദസഞ്ചാര പദ്ധതികള്‍ ഭരണകൂടം ആവിഷ്‌കരിക്കണം. വന്‍കിട വ്യവസായങ്ങള്‍ കേരളത്തിന് ചേരുന്നതല്ല. എന്നാല്‍, കുടില്‍വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ട്. വിനോദ സഞ്ചാരത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്താം. അറബ് സമൂഹം വേനലവധിക്കാലത്ത് പശ്ചാത്യ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പോകുന്നത് എപ്പോഴും കാണുന്നവരാണ് ഗള്‍ഫ് മലയാളികള്‍. അവരെ, കേരളത്തിലെത്തിക്കാന്‍ എന്താണ് വഴിയെന്ന് കുറച്ചുപേരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. വഴിയോരങ്ങളിലെ ബോര്‍ഡുകളിലും അറബി വാര്‍ത്താമാധ്യമങ്ങളിലും ഡാവോസിലെ തണുപ്പുകാലാവസ്ഥയെക്കുറിച്ചും ഇസ്താംബൂളിലെ പൈതൃക കേന്ദ്രങ്ങളെക്കുറിച്ചും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പരസ്യങ്ങള്‍ കാണുമ്പോള്‍ ദൈവത്തിന്റെ സന്തം നാട് എപ്പോഴാണ് “പാക്കേജില്‍” ഇടംപിടിക്കുകയെന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. അത് കൊണ്ടുതന്നെ, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കിറങ്ങാന്‍ എയര്‍ സ്ട്രിപ്പുകള്‍ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്.
ഗള്‍ഫ് പണം ഉല്‍പാദനക്ഷമമായ മാര്‍ഗങ്ങളിലേക്ക് തിരിച്ചുവിടാന്‍ സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കണം. കോര്‍പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്, സക്കാത്ത്, വ്യക്തികളുടെ സംഭാവന എന്നിവക്ക് കണ്‍സോര്‍ഷ്യം നല്ല ആശയമാണ്. ഇതിനിടയില്‍, ഇസ്‌ലാമിക ബേങ്കിനോട് മുഖം തിരിച്ചു നില്‍ക്കേണ്ടതില്ല. പലിശ രഹിത ഇടപാടുകളില്‍ വിശ്വസിക്കുന്നവരെ ആകര്‍ഷിക്കാന്‍ പ്രത്യേക ബേങ്ക് എന്ന് അതിനെ കണക്കാക്കിയാല്‍ മതിയാകും. പൂച്ചകറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും എലിയെ പിടിച്ചാല്‍ മതിയല്ലോ? സാമ്പ്രദായിക ബേങ്കിംഗ് വിശ്വാസ സംഹിതക്ക് എതിരാണെന്ന് കണ്ട്, പലരും പണം പ്രത്യുല്‍പാദനപരമല്ലാത്ത മേഖലകളിലേക്ക് തിരിച്ചുവിടുന്നു. അത് ഒഴിവാക്കപ്പെടാന്‍ ഭരണകൂടം ബോധവത്കരണം നടത്തുകയും വേണം.