ടാക്‌സി സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആര്‍ടിഎ കസ്റ്റമേര്‍സ് കൗണ്‍സില്‍ ചര്‍ച്ച നടത്തി

Posted on: July 2, 2016 5:01 pm | Last updated: July 2, 2016 at 5:01 pm
SHARE

Radio_Taxi_generic_650ദുബൈ: ടാക്‌സി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആര്‍ ടി എ കസ്റ്റമേര്‍സ് കൗണ്‍സില്‍. ടാക്‌സി ഉപയോക്താക്കളെയും പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിക്ക് കീഴിലുള്ള ബുക്കിംഗ് ആന്‍ഡ് ഡിസ്പാച്ച് കേന്ദ്രങ്ങളെയും സേവന ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി ഔദ്യോഗിക ഫ്രാഞ്ചൈസി കമ്പനികളുമായും കൗണ്‍സില്‍ ചര്‍ച്ച നടത്തി. പൊതുജനങ്ങളുടെ താത്പര്യത്തിനനുസരിച്ച് സ്മാര്‍ട് ടാക്‌സി സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമാണ് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത്.
ആര്‍ ടി എ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ബോര്‍ഡ് അംഗവും കസ്റ്റമര്‍ കൗണ്‍സില്‍ ചെയര്‍മാനുമായ മുഹമ്മദ് ഉബൈദ് അല്‍ മുല്ല, കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ അഹ്മദ് മഹ്ബൂബ്, ട്രാന്‍സ്‌പോര്‍ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മഹ്‌രി തുടങ്ങി ടാക്‌സി കൗണ്‍സില്‍ അംഗങ്ങളും ആര്‍ ടി എ ജീവനക്കാരും സംബന്ധിച്ചു.
പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാബ് ഡ്രൈവര്‍മാരെ വിലയിരുത്താന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി അധികൃതര്‍ പരിശോധനാ കാമ്പയിനുകള്‍ നടത്തും. ഇതിന്റെ ഭാഗമായി എല്ലാ ഡ്രൈവര്‍മാരേയും നിരീക്ഷിച്ച് വിലയിരുത്താന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി എല്ലാ ഫ്രാഞ്ചൈസി കമ്പനികള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഐ ഡി കാര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നതിന്റെ പുറമെ ഡ്രൈവര്‍മാരുടെ പൊതുവിലുള്ള പ്രകടനം, വ്യക്തി ശുചിത്വം, ഉപയോഗിക്കുന്ന സുഗന്ധം, വസ്ത്രം, ശരീരത്തില്‍ ധരിക്കുന്ന മറ്റു വസ്തുക്കള്‍ തുടങ്ങി ഡ്രൈവര്‍മാരുടെ പ്രവൃത്തികളാണ് പരിശോധിച്ച് വിലയിരുത്തുക.
രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളും മറ്റു കാബ് ഉപയോക്താക്കളും തങ്ങളുടെ വിലപ്പെട്ട വസ്തുക്കള്‍ ടാക്‌സികളില്‍ മറന്നുവെക്കുന്നത് ഒഴിവാക്കാനായി ആര്‍ ടി എ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പറേറ്റീവ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ബോധവത്കരണ കാമ്പയിന്‍ നടത്തും. യു എ ഇയിലെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്കരണത്തിന് ഊന്നല്‍ നല്‍കും. ടാക്‌സികളില്‍ സഞ്ചരിക്കുന്നവര്‍ പണം നല്‍കിയ രസീതി സൂക്ഷിക്കണമെന്നും ഇത് നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നഷ്ടപ്പെട്ട വസ്തുക്കള്‍ക്ക് ഉപഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കുന്നതിനായി പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിയും ദുബൈ പോലീസും സഹകരിച്ച് പ്രവര്‍ത്തിക്കും.
ചര്‍ച്ചയുടെ ഭാഗമായി ടാക്‌സി മേഖലയിലെ വിവരങ്ങളും മറ്റു പ്രധാന നഗരങ്ങളിലെയും ദുബൈയിലെയും ടാക്‌സി സേവനങ്ങള്‍ താരതമ്യം ചെയ്യുന്ന ദൃശ്യാവിഷ്‌കാരവും നടത്തി. ഗതാഗത സംവിധാനത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പാരിതോഷികങ്ങളും ആനുകൂല്യങ്ങളും നല്‍കും.
ടാക്‌സി സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ സ്മാര്‍ട് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്ന് മുഹമ്മദ് ഉബൈദ് അല്‍ മുല്ല പറഞ്ഞു. ഇത് ഡ്രൈവര്‍മാര്‍ക്ക് ഉപഭോക്താക്കള്‍ നില്‍ക്കുന്ന സ്ഥലം ശരിയായ രീതിയില്‍ മനസിലാക്കാനാവും.
കൂടാതെ ദുബൈയിലെ ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, മാളുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നീ മേഖലകളിലേക്ക് ഉപഭോക്താക്കളെ എത്തിക്കാന്‍ ഡ്രൈവര്‍ക്ക് സഹായകമാകും.