ഗൂഗിള്‍ എര്‍ത്ത്; ദുബൈയുടെ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തം

Posted on: July 2, 2016 5:00 pm | Last updated: July 2, 2016 at 5:00 pm
SHARE

Screenshot 2016-07-01 17.36.47ദുബൈ: ദുബൈയുടെ വിവിധ ഭാഗങ്ങളുടെ വ്യക്തവും മികവുറ്റതുമായ ചിത്രങ്ങള്‍ ഒരുക്കി ഗൂഗിള്‍ എര്‍ത്ത്. ഈയടുത്ത് ഗൂഗിള്‍മാപ്പ് ആപ്ലിക്കേഷന്‍ നാസയുടെ ലാന്റ്‌സാറ്റ് 8 സാറ്റലൈറ്റുമായി ചേര്‍ന്ന് മേഘാവൃതമല്ലാത്തതും മികവുറ്റതുമായ ഭൂതല ചിത്രങ്ങള്‍ കൈമാറുന്നതിന് നൂതന സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇതനുസരിച്ച് ദുബൈയുടെ വിവിധ ഭാഗങ്ങള്‍ വിശിഷ്യാ പാം ജുമൈറ, വേള്‍ഡ് ഐലന്റ് എന്നിവയുടെ ഓരോ ഇടങ്ങളും വ്യക്തവും തെളിമയാര്‍ന്നതുമായ ദൃശ്യ ഭംഗിയോടെ ഗൂഗിള്‍ എര്‍ത്തിന്റെ എല്ലാ സേവനങ്ങളിലൂടെയും ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാനാകും.
സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പലപ്പോഴും മേഘാവൃതമായിരിക്കും. അതിനാല്‍ വ്യക്തതയാര്‍ന്ന ദൃശ്യഭംഗി ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ മികവുറ്റതും തെളിമയാര്‍ന്നതുമായ ചിത്രങ്ങള്‍ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാനാവും. ഗൂഗിള്‍ എര്‍ത്ത് പ്രോഗ്രാം മാനേജര്‍ ക്രിസ് ഹൈര്‍വിഗ് പറഞ്ഞു.
2013ലാണ്‍ ലാന്റ്‌സാറ്റ് 8 ഭ്രമണ പഥത്തില്‍ എത്തിച്ചത്. ലാന്റ്‌സാറ്റ് 7 സാറ്റലേറ്റിനെക്കാളും വേഗതയില്‍ ഭൂതല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും എന്നതാണ് ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനമികവിലൂടെ കൂടുതല്‍ തെളിമയാര്‍ന്ന ഭൂതല ദൃശ്യങ്ങള്‍ ഗൂഗിള്‍ എര്‍ത്ത് സേവനങ്ങളിലൂടെ നല്‍കുവാന്‍ സാധിക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.