സ്വാതി വധം: പ്രതി പിടിയിൽ, പോലീസെത്തിയപ്പോൾ കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമം

Posted on: July 2, 2016 10:55 am | Last updated: July 2, 2016 at 5:15 pm
SHARE
സ്വാതി വധക്കേസ് പ്രതി രാംകുമാർ ആശുപത്രിയിൽ
സ്വാതി വധക്കേസ് പ്രതി രാംകുമാർ ആശുപത്രിയിൽ
കൊല്ലപ്പെട്ട സ്വാതി
കൊല്ലപ്പെട്ട സ്വാതി

ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയെ റെയില്‍വേ സ്‌റ്റേഷനില്‍ വെട്ടിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. തെങ്കാശി മീനാക്ഷിപുരം സ്വദേശി രാംകുമാര്‍ (24) ആണ് തിരുന്നല്‍വേലിക്ക് സമീപം വെച്ച് അറസ്റ്റിലായത്. പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച രാംകുമാറിനെ തിരുന്നല്‍വേലിയിലെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്‍ജിനീയറിംഗ് ബിരുദധാരിയായ രാംകുമാര്‍ സ്വാതിയോട് പല വട്ടം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിലുള്ള വൈരാഗ്യമാണ് അരുംകൊലയില്‍ കലാശിച്ചത്. കൊലപാതകം നടന്ന നുങ്കമ്പാക്കം റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ താമസംവിനാ കുരുക്കിലാക്കാന്‍ പോലീസിന് സഹായകരമായത്. കൃത്യം നടത്തി രക്ഷപ്പെടുമ്പോള്‍ പ്രതി സ്വാതിയുടെ മൊബൈല്‍ കൈവശപ്പെടുത്തിയിരുന്നു. ഇതും ഇയാളെ പിടികൂടാനുള്ള കെണിയായി. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് ചെന്നൈ പോലീസ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. ഓഫീസിലേക്ക് പോകുന്നതിനായി രാവിലെ ആറരയോടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ സ്വാതിയെ പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.