സുന്നി- ശിയാ അഭിപ്രായവ്യത്യാസം യു എസ് മുതലെടുക്കുന്നു: ഇറാന്‍

Posted on: July 2, 2016 12:28 am | Last updated: July 2, 2016 at 12:28 am
SHARE

ROOHANIഅങ്കാറ: ശിയാക്കളുടെയും സുന്നി മുസ്‌ലിംകളുടെയും ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പാശ്ചാത്യന്‍ ശക്തികള്‍ ചൂഷണം ചെയ്യുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നിന്ന് ലോകശ്രദ്ധ മാറ്റാനാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇത്തരമൊരു രീതി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അല്‍ഖുദ്‌സ് ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ഇസ്‌റാഈല്‍ വിരുദ്ധ റാലിയില്‍ പങ്കെടുത്താണ് റൂഹാനിയുടെ ഈ പരാമര്‍ശം. മുന്‍ ഇറാന്‍ നേതാവ് ആയത്തുല്ല റൂഹുല്ല ഖുമൈനിയാണ് അല്‍ഖുദ്‌സ് ദിനം ആചരിച്ചു തുടങ്ങിയത്. ഇസ്‌റാഈല്‍- അമേരിക്കന്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്.
മുസ്‌ലിംകള്‍ക്കിടയില്‍ അസ്വാരസ്യം സൃഷ്ടിക്കാനാണ് അമേരിക്കയും സഖ്യകക്ഷികളുമായ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മേഖലയിലെ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ഏകമാര്‍ഗം ഐക്യത്തോടെ മുന്നേറുക എന്നത് മാത്രമാണ്. അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതക്കൊപ്പമാണ് ഇറാന്‍. ഇസ്‌റാഈല്‍ അമേരിക്കയുടെ മേഖലയിലെ ആസ്ഥാനമാണ്. മേഖലയിലെ മുസ്‌ലിംകള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങളും ഭീകരവാദികളുടെ ഇടപെടലും ചൂഷണം ചെയ്ത് വളരെ പ്രധാനപ്പെട്ട ഫലസ്തീന്‍ വിഷയത്തില്‍ നിന്ന് മുസ്‌ലിംകളുടെ ശ്രദ്ധ തെറ്റിക്കുകയാണ് അവരെന്നും റൂഹാനി ചൂണ്ടിക്കാട്ടി.