ഫേസ്ബുക്ക് കാമുകനെ തേടി ബംഗാളി വീട്ടമ്മ; ജയിലിലെന്നറിഞ്ഞ് തിരിച്ചയച്ചു

Posted on: July 2, 2016 12:16 am | Last updated: July 2, 2016 at 12:16 am
SHARE

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി വീട്ടമ്മ കുടുംബത്തെ ഉപേക്ഷിച്ച് തലസ്ഥാനത്തെത്തി. അന്വേഷണത്തില്‍ കാമുകന്‍ ജയിലിലാണെന്ന് അറിഞ്ഞതോടെ പോലീസ് സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനി പ്രിയങ്കാ ചക്രവര്‍ത്തി(25)യാണ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനെ അന്വേഷിച്ച് കണ്‍ട്രോള്‍ റൂമിലെ വനിതാ ഹെല്‍പ്പ് ലൈനില്‍ എത്തിയത്. യുവതി അന്വേഷിച്ചെത്തിയ ഷാന്‍ സലീം കുറ്റവാളിയാണെന്നും ജയിലിലാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഇവരെ ബംഗാള്‍ പോലീസ് സഹായത്തോടെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ഹെല്‍പ്പ് ലൈനില്‍ എത്തിയ പ്രിയങ്കാ ചക്രവര്‍ത്തിയുടെ ആവശ്യത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാന്‍ സലീം നിരവധി തട്ടിപ്പ് കേസുകളില്‍ പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണെന്ന് കണ്ടെത്തിയത്. ഫേസ്ബുക്ക് മുഖേന യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവ് ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പശ്ചിമബംഗാള്‍ ഹൂഗ്ലി ജില്ലാ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് യുവതി ഭര്‍ത്താവിനെയും ഏഴുവയസ്സുള്ള മകളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലാക്കിയത്. ഒരു മാസം മുമ്പാണ് യുവതി ഷാന്‍ സലീമുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതെന്നും പോലീസ് അറിയിച്ചു. ഷാന്‍ സലീം മറ്റും പലരെയും കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുച്ച് ഗള്‍ഫില്‍ പോയതിന് തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് പിടിയിലാകുകയുമായിരുന്നു.
പ്രിയങ്ക ചക്രവര്‍ത്തി ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായാണ് വീടുവിട്ടിറങ്ങിയത്. യുവതിയുടെ പേരില്‍ പശ്ചിമബംഗാളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കി കോടതിയില്‍ ഹാജരാക്കിയ ശേഷം പൂജപ്പുര മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. പിന്നീട് ഹൂഗ്ലി പോലീസ് എത്തി യുവതിയെ വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഏതാനും നാള്‍ മുമ്പ് ആസാം സ്വദേശിനിയായ ഒരു യുവതിയും ഇത്തരത്തില്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.
ഷാന്‍ സലീമുമായി ബന്ധപ്പെട്ടാണോ അതെന്നും പോലീസ് പരിശോധിക്കുന്നു. കണ്‍ട്രോള്‍ റൂം എ സി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ വനിതാ സെല്‍ എസ് ഐ ഗേളി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ നസിഹത്ത്, രമ്യ, സി പി ഒ മാരായ ശിവപ്രസാദ്, പത്മകുമാര്‍ എന്നിവരാണ് യുവതിയെ നാട്ടിലെത്തിക്കാനാവശ്യമായ നടപടിയെടുത്തത്.