സദാചാരലംഘനം: നിയമം കൈയിലെടുക്കരുത്

Posted on: July 2, 2016 6:00 am | Last updated: July 1, 2016 at 10:34 pm
SHARE

കേരളത്തില്‍ സമീപകാലത്തായി സദാചാര ലംഘനം ആരോപിച്ചുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരികയാണ്. സര്‍ക്കാറിനെയും പോലീസിനെയും നോക്കുകുത്തിയാക്കിയാണ് സദാചാരത്തിന്റെ വക്താക്കളായി രംഗത്ത് വരുന്ന ചിലര്‍ നിയമം കൈയിലെടുക്കുന്നത്. മങ്കടയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഹുസൈന്‍ എന്നയാളെ അസ്വാഭാവിക ബന്ധം സംശയിച്ചു ഒരു സംഘമാളുകള്‍ കൊലപ്പെടുത്തുകയുണ്ടായി. അതിക്രൂരമായാണ് അദ്ദേഹം വധിക്കപ്പെട്ടത്. ഹുസൈനെ മൃഗീയമായി തല്ലിച്ചതച്ച അക്രമികള്‍ രക്തം വാര്‍ന്നുമരിക്കുന്നത് വരെ മറ്റാരെയും സ്ഥലത്തേക്ക് അടുപ്പിക്കുകയോ ഒരിറ്റു വെള്ളം കൊടുക്കാന്‍ അനുവദിക്കുകയോ ചെയ്തില്ലെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. മരിച്ചുവെന്ന് ഉറപ്പാക്കുന്നത് വരെ അക്രമികള്‍ സ്ഥലത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവത്രേ. സദാചാര വിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന അഞ്ചാമത്തെ കൊലപാതമാണിത്. കൊടിയത്തൂര്‍ ശഹീദ് ബാവ, തൃശൂര്‍ കടപ്പുറം പുതിയകത്ത് സവാഹിര്‍, പാലക്കാട് കലുക്കല്ലൂര്‍ മുളയംകാവ് പ്രഭാകരന്‍, കാഞ്ഞങ്ങാട് മടിക്കൈ കാഞ്ഞിരവളപ്പ് വേണു എന്നിവരാണ് ഇതിന് മുമ്പ് വധിക്കപ്പെട്ടത്.
മാതാവിനൊപ്പം മകനും സഹോദരിക്കൊപ്പം സഹോദരനും സഞ്ചരിക്കാനോ സംസാരിക്കാനോ പറ്റാത്ത ഒരു സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. കോഴിക്കോട് ചേവായൂരില്‍ ബൈക്കില്‍ മാതാവിനൊപ്പം സഞ്ചരിക്കവെ മകനും മുക്കത്ത് സഹോദരിയോട് സംസാരിച്ചു നില്‍ക്കുകയായിരുന്ന സഹോദരനും കൈയേറ്റത്തിന് ഇരയായത് കഴിഞ്ഞ വര്‍ഷമാണ്. അവിഹിത ബന്ധക്കാരാണെന്ന ധാരണയിലായിരുന്നു കൈയേറ്റങ്ങള്‍. കാര്യമൊന്നന്വേഷിക്കാനോ നിജസ്ഥിതി അറിയാനോ സാവകാശം കാണിക്കാതെ കേവല സന്ദേഹത്തിന്റെ പേരിലാണ് ഇവര്‍ നിയമം കൈയിലെടുക്കുന്നത്. ഇങ്ങനെ സദാചാരത്തിന്റെ കാവലാളുകളായി ചമയുന്നവരില്‍ പലരും സദാചാരം തൊട്ടുതീണ്ടാത്തവരാണെന്നതാണ് വിരോധാഭാസം. സ്വന്തം ന്യൂനതകളും കുറവുകളും കണ്ടില്ലെന്ന് നടിച്ചു അയല്‍ക്കാരന്റെയും അയല്‍വീട്ടിലെയും കുറ്റങ്ങള്‍ ചികഞ്ഞു അന്വേഷിച്ച് മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും പൊതുസമൂഹത്തിന് മുമ്പില്‍ അവരെ നാണം കെടുത്തുകയും ചെയ്യുന്നതില്‍ സുഖം കണ്ടെത്തുന്ന ഇത്തരക്കാര്‍ രാജ്യത്തെ സമാധാന ജീവിതത്തിന് ഭീഷണിയാണ്.
അതേസമയം, ഇതിന്റെ മറുവശവും കാണാതിരുന്നുകൂടാ. സമൂഹത്തിലെ അനാശ്യാസ പ്രവണതകള്‍ തടയേണ്ടതും പരിഹാരം കാണേണ്ടതുമുണ്ട്. അത് പക്ഷേ നിയമ വിധേയവും സമാധാനപരമായ മാര്‍ഗേനമുമായിരിക്കണം. എവിടെയെങ്കിലും അവിഹിത ചെയ്തികളോ അനാശ്യാസമോ നടക്കുന്നുവെന്ന് തോന്നിയാല്‍ അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കണം. കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അത്തരം ചെയ്തികളില്‍ നിന്ന് പിന്മാറാന്‍ ഉപദേശിക്കണം. ഇതുകൊണ്ടൊന്നും കക്ഷികള്‍ പിന്മാറുന്നില്ലെങ്കില്‍ ഇവിടെ നിമയത്തിന്റെ മാര്‍ഗങ്ങളുണ്ട്. അത് പ്രയോഗിക്കുകയാണ് വേണ്ടത്. അല്ലാതൈ ആദ്യമേ തന്നെ നിയമം സ്വയം കൈയിലെടുത്തു അവരെ തല്ലിക്കൊല്ലുകയല്ല വേണ്ടത്.
ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയമപാലകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അലംഭാവവും വീഴ്ചയുമാണ് പലപ്പോഴും പൊതുസമൂഹം നിയമം കൈയിലെടുക്കാന്‍ ഇടയാക്കുന്നത്. മാഫിയകളും സാമൂഹിക വിരുദ്ധരുമായി അവിശുദ്ധ കൂട്ടുകെട്ടുള്ളവരാണ് നിയമപാലകരില്‍ ചിലരെങ്കിലും. സംസ്ഥാനത്ത് മദ്യ ലോബിയും മയക്കുമരുന്നു മാഫിയയും പെണ്‍വാണിഭ റാക്കറ്റുകളും വിലസുന്നത് ചില പോലീസുദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്. ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ സ്ഥിരീകരിച്ചതാണ് ക്രിമിനലുകളുമായുള്ള പോലീസിന്റെ അവിശുദ്ധ ബന്ധം. നാട്ടില്‍ നടക്കുന്ന അനാശാസ്യ പ്രവണതകള്‍ക്കെതിരെ പരാതിപ്പെട്ടാലും തൃപ്തികരമായ നടപടി മിക്കപ്പോഴും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാറില്ല. അനാശ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നാട്ടുകാരോ സാംസ്‌കാരിക പ്രവര്‍ത്തകരോ നല്‍കുന്ന പരാതികളില്‍ പോലീസ് തക്ക സമയത്ത് നടപടി സ്വീകരിച്ചാല്‍ നാട്ടുകാരോ ബന്ധുക്കളോ അത് കൈകാര്യം ചെയ്യുന്ന പ്രവണത ഒഴിവാക്കാനാകും.
സദാചാരത്തിനും സാന്മാര്‍ഗികതക്കും പവിത്രത കല്‍പ്പിക്കുന്നവരാണ് പൊതുവേ ഇന്നും കേരളീയ സമൂഹം. ബന്ധങ്ങളില്‍ വിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പൗരാവകാശത്തിന്റെ പേര് പറഞ്ഞു അന്യരായ യുവതീ യുവാക്കള്‍ അതിര് വിട്ടു ഇപടഴകുന്നത് ബന്ധുക്കളെയും പൊതുസമൂഹത്തെയും അലോസരപ്പെടുത്തുക സ്വാഭാവികമാണ്. ഒരാണിനെയും പെണ്ണിനേയും സംശയാസ്പദമായി മോശം സാഹചര്യത്തില്‍ കണ്ടാല്‍ മറ്റുള്ളവര്‍ അത് സഹിച്ചെന്ന് വരില്ല. പുരോഗമനത്തിന്റെയും പൗരവാകാശത്തിന്റെയും പേരില്‍ പൊതു സദാചാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇടപഴകലുകള്‍ ന്യായീകരിക്കവതുമല്ല. ഇത്തരം ബന്ധങ്ങള്‍ പലപ്പോഴും അവരുള്‍ക്കൊള്ളുന്ന കുടുംബങ്ങള്‍ക്ക് അഭിമാന ക്ഷതം സൃഷ്ടിക്കാറുണ്ട്. കുടുംബത്തെ തകര്‍ക്കുകയും ചെയ്യും. അതുകൊണ്ട് ബന്ധങ്ങളില്‍ പവിത്രത കാത്തു സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുമുണ്ട്.