സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted on: July 1, 2016 9:20 pm | Last updated: July 1, 2016 at 9:20 pm
SHARE

Prame ministerദോഹ: ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദുമായി മക്കയില്‍ കൂടിക്കാഴ്ച നടത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ആശംസകള്‍ പ്രധാനമന്ത്രി സല്‍മാന്‍ രാജാവിനു കൈമാറി. സഊദിയില്‍ നടക്കുന്ന വികസനങ്ങളിലും ജനക്ഷേമ പ്രവര്‍നങ്ങളിലും പ്രധാനമന്ത്രി രാജാവിനെ അഭിനന്ദിച്ചു.
അമീറിനും പ്രധാനമന്ത്രിക്കും രാജ്യത്തെ ജനങ്ങള്‍ക്കും സല്‍മാന്‍ രാജാവ് ആശംസ അറിയിച്ചു. സഹോദര രാജ്യങ്ങളായ സഊദിയുടെയും ഖത്വറിന്റെയും സഹകരണം ശക്തിപ്പെടുത്തുന്നതായിരുന്നു കൂടിക്കാഴ്ചയെന്ന് ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യതു.
സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ എന്നിവരും പങ്കെടുത്തു. സല്‍മാന്‍ രാജാവ് നല്‍കിയ ഇഫ്താര്‍ വിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുത്തു.
സൗഹൃദ സന്ദര്‍ശനത്തിനായാണ് ഇന്നലെ പ്രധാനമന്ത്രി ജിദ്ദയിലെത്തിയത്. ഉംറ നിര്‍വഹിക്കുക കൂടി ലക്ഷ്യം വെച്ച് ഇഹ്‌റാം വേഷത്തില്‍ ജിദ്ദയിലെത്തിയ ഖത്വര്‍ പ്രധാനമന്ത്രിയെ കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ ജിദ്ദ ഗവര്‍ണര്‍ മിശാല്‍ ബിന്‍ മാജിദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും സംഘവും സ്വീകരിച്ചു. ജിദ്ദയിലെ ഖത്വര്‍ അംബാസിഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ താമില്‍ അല്‍ താനിയും സംബന്ധിച്ചു.