Connect with us

Gulf

കുട്ടികളുടെ അര്‍ബുദ ചകിത്സാ ആശുപത്രിക്ക് ശൈഖ ജവാഹിറിന്റെ പിന്തുണ

Published

|

Last Updated

ഷാര്‍ജ: ഈജിപ്തിലെ കെയ്‌റോയിലുള്ള, അറബ് ലോകത്തെ ഏറ്റവും വലിയ കുട്ടികളുടെ അര്‍ബുദ ചികിത്സാ ആശുപത്രിക്ക് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നിയും ഫ്രണ്ട്‌സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്‌സ് (എഫ് ഒ സി പി) റോയല്‍ പാട്രനും സ്ഥാപകയുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയും പ്രശംസയും. ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ യൂണിയന്റെ (യു ഐ സി സി) വേള്‍ഡ് ക്യാന്‍സര്‍ ഡിക്ലറേഷന്‍ ആഗോള അംബാസഡര്‍, യു ഐ സി സി ചൈല്‍ഡ്ഹുഡ് ക്യാന്‍സര്‍ ആഗോള അംബാസഡര്‍ എന്നീ നിലകളിലും ശൈഖ ജവാഹിര്‍ പ്രവര്‍ത്തിച്ചു വരുന്നു.
എക്‌സറേ, അള്‍ട്രാ സൗണ്ട്, എം ആര്‍ ഐ ഉപകരണങ്ങള്‍ തുടങ്ങിയ ആശുപത്രിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ശൈഖ ജവാഹിര്‍ സാമ്പത്തിക സഹായം നല്‍കി. കുട്ടികളിലെ സൗജന്യ അര്‍ബുദ ചികിത്സക്കായി ശൈഖ ജവാഹിറിന്റെ പേരില്‍ പ്രത്യേക വിഭാഗം ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അര്‍ബുദ രോഗികളോട് ലോകജനതക്ക് മുഴുവന്‍ ധാര്‍മികവും മനുഷ്യത്വപരവുമായ ഉത്തരവാദിത്വമുണ്ടെന്ന് ശൈഖ ജവാഹിര്‍ പറഞ്ഞു. അര്‍ബുദ രോഗനിര്‍ണയം നടത്തുന്ന പാക്‌സ് സംവിധാനത്തിന്റെ പ്രാധാന്യം ശൈഖ ജവാഹിര്‍ ചൂണ്ടിക്കാട്ടി. കുട്ടികളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വേണ്ട വിധത്തില്‍ ശരിയായ ചികിത്സ നല്‍കേണ്ട പ്രാധാന്യവും ശൈഖ വിശദീകരിച്ചു. ലോകമെമ്പാടുമുള്ള 1,75,000 അര്‍ബുദം ബാധിച്ച കുട്ടികളില്‍ 90,000 പേരും മരണത്തിന് കാരണം ആധുനിക ഉപകരണങ്ങളും ചികിത്സാ സംവിധാനവുമില്ലാത്തതാണെന്ന് ശൈഖ ജവാഹിര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒരു കോടി ഈജിപ്ഷ്യന്‍ പൗണ്ട് ശൈഖ ജവാഹിര്‍ ആശുപത്രിക്കായി നല്‍കി.
ഇതുവഴി പാക്‌സ് സംവിധാനമടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ചില്‍ഡ്രന്‍സ് ക്യാന്‍സര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ശരീഫ് അബു ഇല്‍ നഗ പറഞ്ഞു.

Latest