ആണവ വിതരണ സംഘത്തില്‍ ഇന്ത്യയുടെ അംഗത്വത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യുഎസ്

Posted on: July 1, 2016 10:07 am | Last updated: July 1, 2016 at 10:07 am
SHARE

indiansgg_09062016വാഷിംഗ്ടണ്‍: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യുഎസ്. സീയൂളില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതില്‍ നിരാശയുള്ളതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യയുടെ പ്രവേശനത്തിനായി അംഗരാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കും. ചില മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം സാധ്യമാകുമെന്നും കിര്‍ബി പറഞ്ഞു.

ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം ലഭിക്കാതെ പോയത്. അണ്വായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യയെ അംഗമാക്കിയാല്‍ സംഘത്തിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാകുമെന്നതായിരുന്നു ചൈനയുടെ നിലപാട്. ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ബ്രസീല്‍, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ 38 രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കു ലഭിച്ചിരുന്നു.