റമസാനിലെ അവസാന വെള്ളി: വിശ്വാസികളാല്‍ നിറഞ്ഞ് പള്ളികള്‍

Posted on: July 1, 2016 7:50 pm | Last updated: July 1, 2016 at 7:55 pm
SHARE

ramadan4

മലപ്പുറം: പരിശുദ്ധ റമസാനിലെ അവസാന വെള്ളിയും 27ാം രാവും സംഗമിച്ച പുണ്യദിനത്തില്‍ പള്ളികള്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. പല പള്ളികളിലും വിശ്വാസികളുടെ നിര റോഡിലേക്ക് നീണ്ടു. ജുമുഅ ഖുത്വുബയില്‍ ഖത്വീബുമാര്‍ വിശുദ്ധ റമസാനും തറാവീഹിനും സലാം പറഞ്ഞു. വിശുദ്ധ റമസാനില്‍ ആര്‍ജിച്ച ജീവിത വിശുദ്ധിയും ആത്മസംസ്‌കരണവും വരും മാസങ്ങളിലും തുടരണമെന്ന് ഖത്വീബുമാര്‍ വിശ്വാസികളെ ഉണര്‍ത്തി.

വിശുദ്ധ റമസാനിലെ ഏറ്റവും പുണ്യമുള്ള രാത്രിയായി കണക്കാക്കപ്പെടുന്ന ഇരുപത്തിയേഴാം രാവും ഇന്നാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമസാന്‍ വിടപറയാനിരിക്കെ പ്രാര്‍ഥനകളുമായി സൃഷ്ടാവിലേക്ക് അടുക്കാന്‍ വിശ്വാസികള്‍ക്ക് ലഭിച്ച മഹത്വമേറിയ രാവ് കൂടിയാണിത്.

നരക മോചനത്തിന്റെ പത്തിലെ ഒറ്റയായ രാവുകളിലാണ് ലൈലത്തുല്‍ ഖദ്‌റെന്നാണ് കരുതപ്പെടുന്നത്. ഇവയില്‍ പ്രതീക്ഷ കൂടുതല്‍ 27ാം രാവിനാണ്. ആയിരം മാസങ്ങളെക്കാള്‍ മഹത്വമുള്ള രാവാണ് ഈ രാവ് എന്നതിനാല്‍ വിശ്വാസികള്‍ പള്ളികളില്‍ രാത്രിയില്‍ ഉണര്‍ന്നിരുന്ന് നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനയിലും മുഴുകും. നിര്‍ണയത്തിന്റെ രാത്രിയായ ലൈലത്തുര്‍ ഖദര്‍ നന്മകളും വിജയങ്ങളും നിര്‍ണയിക്കുന്ന രാവാണിത്. വെള്ളിയാഴ്ച കൂടിയായതിനാല്‍ പവിത്രത ഏറെയാണ് ഈ ദിനത്തിന്.