മെസിയുടെ കണ്ണീര്‍ ഹൃദയം തകര്‍ത്തെന്ന് റോണാള്‍ഡോ

Posted on: July 1, 2016 6:01 am | Last updated: July 1, 2016 at 12:55 am
SHARE

പാരീസ്: ലയണല്‍ മെസിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍ പ്രഖ്യാപനം ഫുട്‌ബോള്‍ പ്രേമികളെ മാത്രമല്ല പല സൂപ്പര്‍ താരങ്ങളെയും ഏറെ വിഷമത്തിലാക്കിയിരുന്നു. ഇപ്പോഴിതാ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയും മെസിയുടെ വിരമിക്കല്‍ തന്നിലുണ്ടാക്കിയ വികാരത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോയും ബാഴ്‌സ താരമായ മെസിയും കളിക്കളത്തില്‍ പരസ്പരം കൊമ്പുകോര്‍ക്കാറുണ്ടെങ്കിലും മെസിയുടെ കണ്ണീര്‍ മടക്കം ക്രിസ്റ്റ്യാനോക്കും ഹൃദയഭേദകമായിരുന്നു. മെസി കരയുന്നത് തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞുവെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. പെനാല്‍റ്റി പാഴാക്കിയതുകൊണ്ട് മെസിയൊരു മോശം കളിക്കാരനാകുന്നില്ല. അര്‍ജന്റീന ടീമില്‍ മെസി തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷ. കാരണം അര്‍ജന്റീനക്കാര്‍ അത് ആഗ്രഹിക്കുന്നു. മെസി ഒരിക്കലും തോറ്റ് മടങ്ങേണ്ട ആളോ രണ്ടാമനാകേണ്ട ആളോ അല്ല. മെസിയെടുത്ത കടുത്ത തീരുമാനം ആരാധകര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം- ക്രിസ്റ്റ്യാനോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.