പ്രധാനമന്ത്രിയാകാനില്ലെന്ന് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍

Posted on: July 1, 2016 6:00 am | Last updated: July 1, 2016 at 12:48 am
SHARE

imagesലണ്ടന്‍: ബ്രെക്‌സിറ്റിനായി ശക്തമായി വാദിച്ച ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാനില്ലെന്ന് വ്യക്തമാക്കി രംഗത്ത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന ഹിതപരിശോധനാ ഫലം വന്നതോടെ രാജിവെച്ച ഡേവിഡ് കാമറൂണിന്റെ പിന്‍ഗാമിയായി ലീവ് പക്ഷത്തിന് നേതൃത്വം നല്‍കിയ ഇദ്ദേഹം വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബോറിസ് നയം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിക്ക് എല്ലാ പിന്തുണയും നല്‍കും. എന്നാല്‍ താന്‍ ആ സ്ഥാനം ഏറ്റെടുക്കില്ല.
ജോണ്‍സണെ പിന്തുണക്കുമെന്ന് ലീവ് പക്ഷത്ത് അദ്ദേഹത്തോടൊപ്പം ശക്തമായി നിലയുറപ്പിക്കുകയും പ്രചാരണരംഗത്ത് തിളങ്ങുകയും ചെയ്ത കണ്‍സര്‍വേറ്റീവ് നേതാവ് മൈക്കല്‍ ഗോവ് വ്യക്തമാക്കിയിരുന്നു. ഇതോടെ ബോറിസ് ജോണ്‍സന്റെ സാധ്യത വര്‍ധിക്കുകയും ചെയ്തു. ഇതിനിടെയാണ് പ്രധാനമന്ത്രിയാകാനില്ലെന്ന ആകസ്മിക പ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍ വന്നിരിക്കുന്നത്. ‘ജോണ്‍സന്റെ നേതൃത്വത്തില്‍ നല്ലൊരു ടീമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നു. ഇ യു വിടുന്നിതിനായി വാദിച്ച ഒരു നേതാവ് തന്നെയാണ് പുതിയ പ്രധാനമന്ത്രിയാകേണ്ടത്. എന്നാല്‍ അദ്ദേഹം അത്തരമൊരു തീരുമാനമെടുത്ത സ്ഥിതിക്ക് ആ സാധ്യതയടഞ്ഞു’ – മൈക്കല്‍ ഗോവ് പറഞ്ഞു.
പാര്‍ട്ടി അംഗങ്ങളുടെ പരിഗണനക്കായി പ്രധാനമന്ത്രിപദത്തിനായുള്ള നോമിനേഷന്‍ സമര്‍പ്പിക്കുകയെന്നതാണ് ഇടക്കാല പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ആദ്യ പടി. നോമിനേഷനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. സെപ്തംബര്‍ രണ്ടിന് പുതിയ പ്രധാനമന്ത്രിയെ അറിയാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോഴത്തെ ആഭ്യന്തര സെക്രട്ടറി തെരേസ മെയ് ആണ് ഇപ്പോള്‍ നോമിനേഷന്‍ നല്‍കിയവരില്‍ പ്രധാനി. ഇ യുവില്‍ ബ്രിട്ടന്‍ തുടരണമെന്ന് തെരേസ ശക്തിയായി വാദിച്ചിരുന്നു. ഈ നിലപാട് പ്രധാനമന്ത്രിയാകുന്നതിന് തടസ്സമല്ലെന്നാണ് അവരുടെ അവകാശവാദം. ബ്രിട്ടന് അനുകൂലമായ വേര്‍പിരിയല്‍ കരാറുകള്‍ ഉണ്ടാക്കാന്‍ തന്നെപ്പോലെയൊരാളാണ് വേണ്ടതെന്നും അവര്‍ പറയുന്നു. ഹിതപരിശോധന കഴിഞ്ഞു. ജനം അവരുടെ തീരുമാനം രേഖപ്പെടുത്തി. ഇനി ആര് വന്നാലും പിന്നോട്ട് പോക്ക് സാധ്യമല്ല. ബ്രിട്ടന്‍ ഇ യു വിടുക തന്നെ ചെയ്യും. രണ്ടാം ഹിതപരിശോധന ഉണ്ടാകുകയുമില്ല- തെരേസ പറഞ്ഞു. ജനങ്ങളുടെ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാറിനും പാര്‍ലിമെന്റിനും ബാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.