സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന മൊഴി വാസ്തവ വിരുദ്ധം: ജോസ് കെ മാണി

Posted on: July 1, 2016 12:41 am | Last updated: July 1, 2016 at 12:41 am

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായരെ താന്‍ ലൈംഗികമായി ഉപയോഗിച്ചെന്ന മുന്‍ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ മൊഴി വസ്തുതാവിരുദ്ധവും കളവുമാണെന്ന് ജോസ് കെ മാണി എം പി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ടീം സോളാര്‍ കമ്പനിയെപ്പറ്റി താന്‍ കേട്ടിട്ടില്ല. ആ കമ്പനിയുടെ ഡയറക്ടര്‍ ആയ ബിജു രാധാകൃഷ്ണനെക്കുറിച്ച് അറിയില്ല. ബിജുവിനെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ലക്ഷ്മി നായരെന്ന പേരില്‍ ഒരു സ്ത്രീ ആവരുടെ സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം തന്റെ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍പ്പെടുന്ന കടുത്തുരുത്തി ഭാഗത്ത് സ്ഥാപിക്കാനും അതിന്റെ ഉദ്ഘാടനകര്‍മം താന്‍ നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ട് തന്റെ കോട്ടയം ഓഫീസില്‍ വന്നിരുന്നു. എന്നാല്‍ താന്‍ അസൗകര്യം അറിയിച്ചു. അതിനുശേഷം താന്‍ അവരെ കാണാന്‍ ഇടയായിട്ടില്ല. അവര്‍ തന്നോട് ഒരാവശ്യവും ഫോണിലൂടെയോ മറ്റോ ഉന്നയിച്ചിട്ടില്ല. താന്‍ അവരെ ഫോണ്‍ ചെയ്യുകയോ എസ്എംഎസ് അയക്കുകയോ ചെയ്തിട്ടില്ല. സരിതയുമായി ഔദ്യോഗികമോ അല്ലാതെയോ തനിക്ക് യാതൊരു ബന്ധവുമില്ല. ടീം സോളാറിനെ പറ്റിയോ ഡയറക്ടേഴ്‌സ് ബിജു, സരിത എന്നിവരെപറ്റിയോ താനുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ അന്വേഷിച്ചിരുന്നില്ലെന്നും അദ്ദേഹം മൊഴി നല്‍കി.