വേണ്ടത് ദീര്‍ഘകാല സമ്പത്തിക നയം

Posted on: July 1, 2016 6:00 am | Last updated: July 1, 2016 at 12:31 am
SHARE

SIRAJസംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രത്തിലെ വെളിപ്പെടുത്തല്‍. സംസ്ഥാനത്തിന് ഇപ്പോള്‍ ഒന്നര ലക്ഷം കോടി രൂപ പൊതുകടവും 8,199.14 കോടി രൂപയുടെ ധനക്കമ്മിയുമുണ്ട്. നികുതി ചോര്‍ച്ചയും ചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ വന്ന വീഴ്ചയും പദ്ധതിയേതര ചെലവിലെ വര്‍ധനവുമാണ് ധനസ്ഥിതി ഇത്രയും മോശമാക്കിയത്. മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് 17.4 ശതമാനമായിരുന്ന നികുതി പിരിവ് യു ഡി എഫ് കാലത്ത് 12 ശതമാനമായി ചുരുങ്ങിതായി ധവളപത്രം ആരോപിക്കുന്നു. നികുതി പണത്തിന്റെ വരവിന് അനുസൃതമായി ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് സാമ്പത്തികമായി സംസ്ഥാനം ഇത്രയും കൂപ്പുകുത്തിയത്. നികുതി പിരിവിലെ വളര്‍ച്ച 10 മുതല്‍ 12 വരെ ശതമാനമാണ്. ഇത് 20 ശതമാനത്തിക്കണമെന്ന് ധവളപ്പത്രം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ കുറേ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ അതിനുള്ള പണം കണ്ടെത്തിയില്ല. യാഥാര്‍ഥ്യബോധത്തോടെയുള്ളതായിരുന്നില്ല മുന്‍ വര്‍ഷങ്ങളിലെ ബജറ്റുകളൊന്നും. ചെലവ് ബജറ്റില്‍ കാണിച്ചതിനേക്കാള്‍ ഓരോ തവണയും ആയിരം കോടി രൂപ കൂടുതലായി. വരുമാനം പരിഗണിക്കാതെയാണ് ബജറ്റില്‍ പദ്ധതി പ്രഖ്യാപനം നടത്തിയത്. കാര്‍ഷിക പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയുമില്ല. റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. ഇതുകൊണ്ടെല്ലാം പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയിലേക്ക് സംസ്ഥാനം പിന്നോട്ടടിച്ചു. 6,300 കോടി രൂപയുടെ അടിയന്തിര ബാധ്യത പുതിയ സര്‍ക്കാറിന്റെ മുമ്പിലുണ്ട്. എന്നാല്‍ അധികാരമേല്‍ക്കുമ്പോള്‍ ട്രഷറിയില്‍ 1009 കോടി രൂപ മാത്രമേ ശേഷിപ്പുള്ളൂ.
ധവള പത്രത്തിലെ വിവരങ്ങള്‍ ശരിവെക്കുന്നതാണ് ഫെബ്രുവരിയില്‍ സഭയില്‍ വെച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷവും റവന്യു കമ്മിയും ധനക്കമ്മിയും പ്രാഥമിക കമ്മിയും പ്രതീക്ഷക്കപ്പുറം വര്‍ധിച്ചതായി സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക ചെലവുകള്‍ക്കു പോലും ആശ്രയം വായ്പയായിരുന്നു. ചെലവ് അതിവേഗം ഉയര്‍ന്നപ്പോള്‍ വരവ് പ്രതീക്ഷിച്ചതിലും ബഹുദൂരം താഴെയുമായി. 2014-15ല്‍ 64,842.34 കോടിയുടെ റവന്യൂവരുമാനം ലക്ഷ്യമിട്ടെങ്കിലും 5,637.85 കോടി കുറവാണ് ലഭിച്ചത്. ലക്ഷ്യമിട്ട തുകയില്‍ എക്‌സൈസ് വരുമാനം 90 ശതമാനവും വാഹനനികുതി 86 ശതമാനവും സ്റ്റാമ്പ് ഡ്യൂട്ടി 70 ശതമാനവും കേന്ദ്ര വിഹിതം 79 ശതമാനവുമാണു ലഭിച്ചത്. അക്കൗണ്ടന്റ് ജനറലിന്റെ കണക്കില്‍ 32.12 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ പദ്ധതിച്ചെലവ്. കഴിഞ്ഞ വര്‍ഷാവസാനം പ്രസിദ്ധീകരിച്ച മറ്റു ചില സാമ്പത്തികാവലോകന റിപ്പോര്‍ട്ടുകളിലും സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടിയില്‍ ഉയര്‍ന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. നമ്മേക്കാള്‍ ജനസംഖ്യയുള്ള മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് കേരളത്തിന്റെ പൊതുകടം. 7.49 കോടി ജനങ്ങളുള്ള തമിഴ്‌നാടിന്റെ പൊതുകടം 1,55,740 കോടിയും, 6.32 കോടി ജനങ്ങളുള്ള കര്‍ണാടകത്തിന്റേത് 1,01,970 കോടി മാത്രവുമാണ്. റവന്യൂ വരുമാനം 95 ശതമാനവും ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായി വിനിയോഗിക്കുകയും വരുമാനം വര്‍ധിപ്പിക്കാന്‍ പ്രായോഗികവും ഫലപ്രദവുമായ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പത്തിക രംഗത്തെ ഈ തകര്‍ച്ച സ്വാഭാവികമാണ്.
നികുതിവരുമാനത്തില്‍ വന്ന കുറവിന് പുറമെ നിര്‍മാണ മേഖലയിലും വിദേശനാണ്യത്തിന്റെ വരവിലും കുറവ് സംഭവിച്ചു. സാമ്പത്തിക ദൃഢീകരണം ലക്ഷ്യമിട്ട് റവന്യൂകമ്മി 1.53 ശതമാനമാക്കി കുറക്കാന്‍ കഴിഞ്ഞ ഭരണത്തില്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും കൈവരിക്കാനായില്ല. ആഗോള തലത്തിലനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യവും പ്രശ്‌നത്തിന് രൂക്ഷത വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വിഭവങ്ങളായ റബര്‍, കാപ്പി, തേയില, നാളികേരം എന്നിവയുടെ വില കുറവും വിനയായി.
നിരന്തരമായ കടമെടുപ്പിലൂടെയാണ് സര്‍ക്കാര്‍ ഭരണ കാര്യങ്ങള്‍ നിര്‍വഹിച്ചത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു കടമെടുപ്പെങ്കിലും ഈ തുകയത്രയും ശമ്പളവും പെന്‍ഷനും ഉള്‍പ്പെടുന്ന നിത്യദാന ചെലവുകള്‍ക്കാണ് ഉപയോഗപ്പെടുത്തിയത്. നികുതിയിനത്തിലും അല്ലാതെയും പൊതുഖജാനാവിലേക്ക് വരുന്ന തുകകള്‍ ഒന്നരശതമാനം മാത്രംവരുന്ന ഉദ്യോഗസ്ഥര്‍ക്കായി ചെലവിടുമ്പോള്‍ 98.5 ശതമാനം പൊതുജനങ്ങളെ സര്‍ക്കാര്‍ വിസ്മരിക്കുകയായിരുന്നു. ഭരണ രംഗത്തെ ധൂര്‍ത്ത് കര്‍ശനമായി നിയന്ത്രിക്കുകയും അഴിമതി തുടച്ചുനീക്കുകയും ചെയ്‌തെങ്കിലേ ഈ ദുസ്ഥിതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയുള്ളു. വരവും ചെലവും പൊരുത്തപ്പെടുത്തുന്നതിന് കര്‍ക്കശമായ സാമ്പത്തിക അച്ചടക്കത്തിലൂന്നുന്നതും കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതുമായ ഒരു ദീര്‍ഘകാല സമ്പത്തികനയം അനിവാര്യമാണ്. കാര്‍ഷിക മേഖലയെ അവഗണിച്ചതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ മുഖ്യകാരണം.