Connect with us

Articles

ഒരു മകനും പിതാവിനോട് ചെയ്യരുതാത്തത്

Published

|

Last Updated

ഷെറിന്‍ ജോണ്‍ എന്ന മകന്‍ പിതാവിനോടു ചെയ്ത ക്രൂരത നമ്മുടെ നാടിനെ നടുക്കി. വിദേശ മലയാളിയായ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ ജോയ് വി ജോണ്‍ ആണ് സ്വന്തം മകനാല്‍ കൊല്ലപ്പെട്ടത്. വെടിവെച്ചുകൊന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം പല കഷണങ്ങളാക്കി വെട്ടി നുറുക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ച ഷെറിന്‍ കുറ്റബോധമില്ലാത്തവനെപ്പോലെയാണ് പെരുമാറുന്നതെന്ന് പോലീസ് പറയുന്നു. മാധ്യമങ്ങളില്‍ നിന്ന് മനസിലാക്കുന്നതു പ്രകാരം പിതാവിന്റെ ഭാഗത്തുനിന്നും ചെറുപ്പം മുതല്‍ അനുഭവിക്കുന്ന പീഡനവും അവഗണനയും ആണ് പിതാവിനു നേരെ തോക്കുചൂണ്ടാന്‍ ഷെറിനെ പ്രേരിപ്പിച്ചത്. ചെറുപ്പം മുതലുള്ള അടങ്ങാത്ത പകയും പ്രായമേറുന്തോറും പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ പീഡനവും അവനെ ക്രൂരനാക്കി. പിതാവിനെ കൊന്ന് ആറുകഷണമാക്കി സ്വന്തം ടാബ്‌ലറ്റ് കമ്പ്യൂട്ടറില്‍ ചിത്രവുമെടുത്ത ഷെറിന്‍ ക്രൂരതയുടെ പര്യായമായി മാറി. ആ സമയത്ത് ഒരുതുള്ളി കണ്ണീര്‍ പോലും പൊടിഞ്ഞില്ല. കൈകാലുകളും തലയും ഉടലും വെവ്വേറെയാക്കിയ സംഭവം വിവരിക്കുമ്പോള്‍ ഷെറിന്‍ പല്ലുറുമ്മുന്നുണ്ടായിരുന്നു. തന്നോളം വളര്‍ന്നിട്ടും ഷെറിനെ പിതാവായ ജോയി തല്ലുമായിരുന്നു. ഷെറിനോടു ക്രൂരത കാട്ടിയ പിതാവ് മറ്റു മക്കളോട് സ്‌നേഹത്തോടെ പെരുമാറി. പലപ്പോഴും വീടിനു പുറത്തായിരുന്നു ഷെറിന്റെ സ്ഥാനം. സ്വത്ത് അവനു നല്‍കില്ലെന്നും അയാള്‍ പറഞ്ഞിരുന്നു. അങ്ങനെ അവന്റെ ബാല്യകാലാനുഭവങ്ങള്‍ സ്‌നേഹരാഹിത്യത്തിന്റെയും അവണനയുടേയുമായി. അതിന്റെ സ്വാഭാവിക തിരിച്ചടിയാണ് നാം പത്രത്താളുകളിലൂടെ വായിച്ചറിഞ്ഞത്.
കുട്ടികളോടുള്ള സ്‌നേഹക്കുറവും അവഗണനയും അവരില്‍ പകയും പ്രതികാര ചിന്തയുമാണ് വളര്‍ത്തുന്നത്. അനാവശ്യമായി തല്ലുന്നതും ചീത്തപറയുന്നതും പരിഹസിക്കുന്നതും ശകാരിക്കുന്നതും ശപിക്കുന്നതും താരതമ്യം ചെയ്യുന്നതും ഭയപ്പെടുത്തുന്നതും സ്‌നേഹത്തിന്റെ നിരാസമാണ്. സ്‌നേഹനിരാസം പാപമാണ്. വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കൂ. ആനക്ക് മദം പൊട്ടുന്നതുപോലെ ഒരുദിവസം മാതാപിതാക്കളെ അത്ഭുതപ്പെടുത്തുമാറ് മക്കള്‍ പൊട്ടിത്തെറിക്കും. പിന്നെ നാശങ്ങളുടെ വേലിയറ്റമാകും സംഭവിക്കുക. ഹിറ്റ്‌ലര്‍, മുസ്സോളിനി തുടങ്ങിയവരെല്ലാം ബാല്യകാല തിക്താനുഭവങ്ങള്‍ ഉള്ളവരായിരുന്നു. അവര്‍ ക്രൂരതയുടെ ഇതിഹാസമാണ് രചിച്ചത്.
ഓര്‍ക്കുക. ബാല്യങ്ങളെ മുറിവേല്‍പിക്കാതിരിക്കുക. സ്‌നേഹവും സഹാനുഭൂതിയുമാണ് മാതാപിതാക്കള്‍ക്കു വേണ്ട പ്രഥമ ഗുണം. കരുതലും കരുണയും കാവലും സ്‌നേഹവും നല്‍കി മക്കളെ വളര്‍ത്തുക.

---- facebook comment plugin here -----

Latest