ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം: പ്രതിഷേധക്കാര്‍ രണ്ട് കടകള്‍ക്ക് തീയിട്ടു

Posted on: June 30, 2016 10:08 pm | Last updated: June 30, 2016 at 10:08 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മലയാളികള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മയൂര്‍ വിഹാറിലെ രണ്ട്് കടകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. വൈകിട്ട് മയൂര്‍ വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചാണ് അക്രമാ സക്തമായത്. സംഭവ സ്ഥലത്ത് കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ആളുടെ പാന്‍മസാല കട മയൂര്‍ വിഹാറിലെ താമസക്കാരായ മലയാളികള്‍ തല്ലിത്തകര്‍ത്തിരുന്നു. മലയാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ കടകളെല്ലാം പോലീസ് അടപ്പിച്ചിരിക്കുകയാണ്.

മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു മലയാളി വിദ്യാര്‍ഥി രജത് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകനാണ് രജത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന രജതിനെ പാന്‍ മസാല വില്‍പനക്കാരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി സല്‍വാന്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് രജത്. രജതിനൊപ്പമുള്ള മറ്റു മൂന്നു കുട്ടികള്‍ക്കും മര്‍ദനമേറ്റു.