കോഴിക്കോട് കളക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന്‍ എംപി

Posted on: June 30, 2016 7:46 pm | Last updated: June 30, 2016 at 7:46 pm

mk-raghavanകോഴിക്കോട്: ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന്‍ എംപി. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് എംപി കളക്ടര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കളക്ടര്‍ എംപിക്കെതിരെ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

പിആര്‍ഡി വഴി ഇത്തരത്തിലുള്ള വാര്‍ത്ത കളക്ടര്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കും. ജില്ലാ കളക്ടര്‍ പ്രശാന്തിനെ പോലെ അപക്വമായി പെരുമാറുന്ന ഐഎഎസ് കാര്‍ വേറെ ഉണ്ടാകില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ തടസ്സം നില്‍ക്കുകയാണെന്നും പരാമര്‍ശം പിന്‍വലിച്ച് കളക്ടര്‍ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്തതെന്ന് കളക്ടര്‍ പറഞ്ഞു. പരസ്പരം ചെളിവാരിയെറിയുന്ന നിലവാരത്തിലേക്ക് തരംതാഴാന്‍ ആഗ്രഹിക്കാത്തതിനാല്‍ എംപിക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.