ദോഹ ഡ്രൈനേജ് പദ്ധതി നിര്‍ത്തി വെക്കുന്നു

Posted on: June 30, 2016 6:15 pm | Last updated: July 12, 2016 at 8:03 pm

Drainage-pipes-586x514ദോഹ: തലസ്ഥാന നഗരത്തിന്റെ വികസനങ്ങളില്‍ നര്‍ണായക പദ്ധതിയായിരുന്ന ദോഹ സീവര്‍ ആന്‍ഡ് ഡ്രൈനേജ് പദ്ധതി അടിയന്തരമായി നിര്‍ത്തിവെക്കാന്‍ പബ്ലിക് വര്‍ക്‌സ് അതോറിറ്റി തീരുമാനിച്ചു. ഇത് സംബന്ധിച്ച് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായുള്ള നോട്ടീസ് ഇന്നര്‍ ദോഹ റീ സീവറേജ് ഇംപ്ലിമെന്റേഷന്‍ സ്ട്രറ്റീജിയുടെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് അശ്ഗാല്‍ കൈമാറി. പദ്ധതിയുടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ സി എച്ച് 2എം ഹില്‍ ഇന്റര്‍നാഷനല്‍ കമ്പനികളോട് എത്രയും പെട്ടെന്ന് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശമുണ്ട്.
എസ് എച്ച് പി സംയുക്ത സംരംഭത്തിലെ മൂന്ന് നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍ക്കും ഇത് സംബന്ധിച്ച് അറിയിപ്പു ലഭിച്ചു. ഹോച്ചിഫ് സൊലൂഷ്യന്‍സ്, പെട്രോസെര്‍വ്, അല്‍ സ്ട്രയ സ്ട്രബാഗ് എന്നീ കമ്പനികളുള്‍പ്പെട്ട സംയുക്ത സംരംഭമാണ് 14.7 കിലോമീറ്റര്‍ നീളത്തിലുള്ള പ്രധാന ട്രങ്ക് സീവറിന്റെ മധ്യഭാഗം 100 കോടി റിയാലിനായിരുന്നു സ്വന്തമാക്കിയിരുന്നത്. മൂന്ന് മീറ്ററിനും 4.5 മീറ്ററിനും ഇടയില്‍ ഒരാള്‍ പൊക്കത്തില്‍ തുരങ്കവും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് 3.2 ദശലക്ഷം ആകെ ചെലവു വരുന്ന പദ്ധതിയുടെ ഭാഗമായുള്ള മധ്യഭാഗം മൂന്ന് കരാര്‍ കമ്പനികള്‍ക്കായി അശ്ഗാല്‍ നല്‍കിയത്. ബോയേജസ് കണ്‍സ്ട്രക്ഷന്‍ ഖത്വറും അര്‍ബേകാന്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയും അടങ്ങുന്ന സംരഭത്തിനാണ് പദ്ധതിയുടെ ബാക്കി ഭാഗം നല്‍കിയിരുന്നത്.
അതേസമയം, എന്‍ജിനീയര്‍മാര്‍ സൈറ്റ് ഡോക്യുമെന്റ് ജോലികളില്‍ തന്നെയാണെന്നും നഷ്ടപരിഹാരത്തിനായി ശ്രമിക്കുമെന്നും ഇദ്രിസ് വക്താവ് ദോഹ ന്യൂസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കരാറില്‍ നിന്നും ഒഴിവാക്കിയതു സംബന്ധിച്ച് കത്ത് ലഭിച്ചത്. എന്നാല്‍ ഈ തീരുമാനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പ്രോഗ്രാം ഡയറക്ടര്‍ ബില്‍ വാന്‍ വാഗനന്‍ പറഞ്ഞു.
10,000 കോടി ചെലവില്‍ എട്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട ഭീമന്‍ പദ്ധതിയാണ് ഇദ്രിസ്. 2012ല്‍ ആരംഭിച്ച പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 45 കിലോമീറ്റര്‍ നീളത്തിലുള്ള പ്രധാന ട്രങ്ക് സീവര്‍ പദ്ധതിയും പിന്നീടുള്ള ഘട്ടത്തില്‍ 70 കിലോമീറ്ററോളം നീളത്തിലുള്ള പദ്ധതിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദിവസേന അഞ്ച് ലക്ഷം ക്യൂബിക് മീറ്റര്‍ കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പദ്ധതിയും ഇതില്‍ ഉള്‍പ്പെടും. പ്രധാന ട്രങ്ക് സീവര്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതും കമ്പനികളാണ്. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന ജനസംഖ്യയുടെ ഭാഗമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന പരിഹാരവും കൂടിയായിരുന്നു ഈ മെഗാ പദ്ധതി.