Connect with us

Gulf

ഖത്വറുമായുള്ള വ്യാപാര സഹകരണം ശക്തമായി തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

Published

|

Last Updated

ദോഹ: ഖത്വറുമായുള്ള വ്യാപാര, വ്യവസായ ബന്ധം ശക്തമായി തുടരുകയും വളര്‍ത്തുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. പ്രതികൂല കാലാവസ്ഥകളെ അതിജയിച്ചും സാമ്പത്തിക രംഗത്ത് ഖത്വര്‍ മെച്ചപ്പെട്ട സ്ഥിയിതിയില്‍ തുടരുകയാണ്. യു കെയില്‍ ഇതിനകം 42500 കോടി ഡോള്‍ ഖത്വര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഖത്വറും യു കെയുമായുള്ള വ്യാപാരം ഈ വര്‍ഷങ്ങളില്‍ ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബല്‍ പബ്ലിഷിംഗ്, റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പിനു നല്‍കിയ പ്രസ്താവനയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആത്മവിശ്വാസം പങ്കു വെച്ചത്. യൂറോപ്യന്‍ യൂനിയനില്‍ നിന്നും പന്മാറുന്നതിന് അനൂകലമായി ജനഹിതം പുറത്തുവന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് ചര്‍ച്ച ചെയ്യപ്പെടുന്നു.
ആഗോള വിപണയിലെ ഇന്ധന വിലക്കുറവ് ഖത്വറിന്റെ സാമ്പത്തികസ്ഥിതിയെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍, അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ മികച്ച രീതിയില്‍ ഖത്വര്‍ സ്വീകരിക്കുന്നു. മത്സരാധിഷ്ഠിതമായും ഉദാരവത്കരിച്ചും നിര്‍മാണാത്കമായും മുന്നോട്ടു പോകുകയാണെങ്കില്‍ ഖത്വറിന്റെ മുന്‍നിര യൂറോപ്യന്‍ വ്യാപാര പങ്കാളിത്തത്തില്‍ രാജ്യം തുടരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ വളര്‍ച്ച 7100 കോടി ഡോളറാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്വര്‍-യു കെ ബന്ധം സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുത്തിയുള്ള ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് എകണോമിക് മാഗസിന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഓരോ മേഖലയെയും അടിസ്ഥാനപ്പെടുത്തിയുള്ള നിക്ഷേപ വിവരങ്ങള്‍, ഖത്വര്‍ പ്രധാനന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സംഭാവനകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ടാണ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്.
ആരോഗ്യകരമായ വ്യാപാര ബന്ധത്തിന്റെ ഗുണഫലം ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ അനുഭവിക്കാനാകുമെന്ന് കാമറൂണ്‍ പറയുന്നു. ഖത്വറില്‍ 2022ല്‍ നടക്കുന്ന ലോകകപ്പും ഖത്വര്‍ നാഷനല്‍ വിഷന്‍ 2030ഉം അടിസ്ഥാനപ്പെടുത്തി നടക്കുന്ന നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അടിവരയിടുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സര്‍വീസ് തുടങ്ങിയ മേഖലകളില്‍ യു കെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. 42500 കോടി ഡോളറിന്റെ നിക്ഷേപം ഖത്വര്‍ യു കെയില്‍ നടത്തിയിട്ടുണ്ട്. ലണ്ടനിലെ രണ്ടു പ്രധാന കെട്ടിടങ്ങളായ നൈറ്റ്‌സ് ബ്രിഡ്ജിലെ ഹാരോഡ്‌സ്, സിറ്റിയിലെ ഷാര്‍ഡ് എന്നിവ ഖത്വര്‍ ഉടമസ്ഥതയിലുള്ളവയാണ്. സുരക്ഷയില്‍ ഇരു രാജ്യങ്ങളും സഹകരണ താത്പര്യം മുന്നോട്ടു വെച്ചിട്ടുണ്ട്. ഖത്വറിന്റെ സുരക്ഷ യു കെയില്‍ന്നും ഒട്ടും വ്യത്യസ്തമായിരിക്കില്ലെന്നും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും രണ്ടു രാജ്യങ്ങളും ഒന്നിച്ചാണെന്നും അദ്ദേഹം പറയുന്നു.
“ദി റിപ്പോര്‍ട്ട്: ഖത്വര്‍ 2016” എന്ന തലക്കെട്ടിലുള്ള ഗൈഡ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വ്യവാസയ ബന്ധങ്ങള്‍ക്ക് കരുത്തു പകരുന്നതും നിക്ഷേപകര്‍ക്ക് ഏറെ സഹായം ചെയ്യുന്നതുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാക്രോഎകോണമിക്, ഇന്‍ഫ്രാസ്ട്രക്ചര്‍, ബേങ്കിംഗ്, സാമൂഹികവികസനം തുടങ്ങി ഒട്ടേറെ മേഖലകളെ വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് ഓണ്‍ലൈനിലും ലഭ്യമാകും.

Latest