Connect with us

Gulf

നാല് പതിറ്റാണ്ട് കാലത്തെ സേവനം: ആത്മ നിര്‍വൃതിയില്‍ മുഹമ്മദ് ആലം

Published

|

Last Updated

മുഹമ്മദ് ആലം മഖ്ബറയുടെ ശുചീകരണ പ്രവൃത്തിയില്‍

സമാഇല്‍:39 വര്‍ഷത്തിനിടക്ക് പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് ആലം സമാഈലിലെ മാസിന്‍ ബിന്‍ ഖളൂബ (റ)വിന്റെ ഖബറിടത്തില്‍ സന്ദര്‍ശിക്കാത്ത ദിവസങ്ങള്‍ വിരളമാണ്. ഒമാന്റെ ഇസ്‌ലാമിക ചരിത്രങ്ങള്‍ക്ക് ശിലപാകി പ്രവാചകന്‍ മുഹമ്മദ് നബി (സ)യില്‍ നിന്ന് നേരിട്ട് ഇസ്‌ലാം സ്വീകരിച്ച് തിരിച്ചെത്തിയ സ്വഹാബി മാസിന്‍ ഖളൂബയുടെ മഖ്ബറ ശുദ്ധിയാക്കാനും പ്രാര്‍ഥന നിര്‍വഹിക്കാനുമായി ആലം എന്നും പുലര്‍ച്ചെ ഇവിടെ എത്തും. പ്രഭാത നിസ്‌കാരം കഴിഞ്ഞ് ഖബറിടത്തിനരികെ നിന്ന് പ്രാര്‍ഥനയും കഴിഞ്ഞ് പരിസങ്ങളിലെല്ലാം വൃത്തിയാക്കിയാണ് ജോലിക്ക് പോവുക.

1977ല്‍ സമാഈലില്‍ ജോലിക്കെത്തിയ ആലം സ്വദേശികളില്‍ നിന്ന് കേട്ടറിഞ്ഞാണ് മാസിന്‍ ബിന്‍ ഖളൂബ (റ)വിന്റെ ഖബറിടത്തിലെത്തുന്നത്. ഈന്തപ്പനത്തോട്ടങ്ങളോടും ഫലജുകളോടും ചേര്‍ന്ന് മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന മഖ്ബറ സ്വദേശികള്‍ സംരക്ഷിച്ച് പോരുകയായിരുന്നു. ചെറിയൊരു ഇടവഴിയാണ് ഇവിടേക്ക് ഉണ്ടായിരുന്നതെന്ന് മുഹമ്മദ് ആലം ഓര്‍ക്കുന്നു. ആദ്യ ദിവസങ്ങളില്‍ സ്ഥിരം ഇവിടെ വന്ന് പ്രാര്‍ഥന നിര്‍വഹിച്ച് മടങ്ങിയെങ്കിലും കുറച്ച് മാസങ്ങള്‍ കഴിഞ്ഞതോടെ ഇവിടുത്തെ സേവകനായി. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദേശത്തൂടെ റോഡ് പണി നടക്കുമ്പോഴാണ് മഖ്ബറയുടെ പരിസരത്തേക്ക് തോട്ടത്തിലൂടെ പ്രത്യേക പാത ഒരുക്കുകയും മഖ്ബറയില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം വന്നിരിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തത്.

വര്‍ഷങ്ങള്‍ കഴിയും തോറും സ്വദേശികളും വിദേശികളും സഞ്ചാരികളും ഇവിടേക്ക് എത്തുന്നത് വര്‍ധിച്ചു. ഒമാനിലെ ആദ്യ പള്ളി കാണാനെത്തുന്ന സഞ്ചാരികള്‍ ഖബറിടത്തിലും സന്ദര്‍ശനം നടത്തിപ്പോന്നു. സഞ്ചാരികള്‍ക്കും ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്കും മാസിന്‍ ബിന്‍ ഖളൂബ (റ)വിന്റെ ചരിത്രം പറഞ്ഞു കൊടുക്കുന്നത് മുഹമ്മദ് ആലമിന് ഏറെ സന്തോഷമായിരുന്നു. ഭരണാധികാരിക്ക് പ്രവാചകന്‍ അയച്ച കത്തിന്റെ കോപ്പിയും മുഹമ്മദ് ആലം സന്ദര്‍ശകര്‍ക്ക് കാണിച്ചു കൊടുക്കും.

ഒമാന്റ സ്വദേശി സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഈ ചരിത്രം മുഹമ്മദ് ആലമില്‍ നിന്നും കേട്ടു പഠിച്ചവര്‍ നിരവധിയാണ്. ഇടക്കാലത്ത് മലയാളികള്‍ അടക്കമുള്ളവരും ആലമിനൊപ്പം സേവനങ്ങള്‍ക്കുണ്ടാകാറുണ്ട്. തന്റെ ജീവിതത്തിലെ നാല് പതിറ്റാണ്ടിനടുത്ത കാലം സ്വഹാബിവര്യന്റെ ഖബറിടത്തില്‍ സേവകനാകാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് ആലം ഓരോ സുപ്രഭാതങ്ങളിലും മാസിന്‍ ബിന്‍ ഖളൂബ (റ) ചാരത്ത് എത്തുന്നത്.