Connect with us

Kerala

മെഡിക്കല്‍ കോളജ് അംഗീകാരം: സഭാകവാടത്തില്‍ പ്രതിപക്ഷ ധര്‍ണ

Published

|

Last Updated

തിരുവനന്തപുരം: പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കൂടാതെ അംഗീകാരം നഷ്ടപ്പെട്ട മെഡിക്കല്‍ കോളജുകള്‍ സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളിലെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

അംഗീകാരം നല്‍കേണ്ടെന്ന തീരുമാനം വഴി അന്യ സംസ്ഥാന ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനം വഴി ആയിരത്തിലേറെ മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിനെ തകര്‍ക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ പുനര്‍വിന്യസിക്കേണ്ട അവസ്ഥയാണുള്ളത്. ഈ മെഡിക്കല്‍ കോളജിനെ അട്ടിമറിക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുന്നു. ഡോക്ടര്‍മാരുടെ നിയമന ഉത്തരവ് പോലും കാണാനില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏഴു മെഡിക്കല്‍ കോളേജുകള്‍ക്ക് പൂര്‍ണമായും, രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് ഭാഗികമായും അംഗീകാരം നഷ്ടപ്പെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ ഉപേക്ഷിക്കില്ലെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി നല്‍കിയ മറുപടിയോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ സര്‍ക്കാര്‍ തമസ്‌കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ആദ്യം വേണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest