Connect with us

National

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകനും ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ രജത് ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രജത് അടക്കമുള്ള നാല് മലയാളി വിദ്യാര്‍ഥികളെ പാന്‍മസാല വില്‍പനക്കാരനും കൂട്ടാളികളുമാണ് ക്രൂരമായി മര്‍ദിച്ചത്. വഴിയോരത്തു നിന്നും മര്‍ദ്ദിച്ചതിനു പിന്നാലെ സമീപത്തെ സരോവര്‍ പാര്‍ക്കിലേക്കു കൊണ്ടു പോയി വീണ്ടും മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിനിടെ രജത് ബോധരഹിതനായി വീണതോടെ അക്രമികള്‍ തന്നെ കുട്ടിയെ അടുത്തുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സാരമായി പരിക്കേറ്റ രജത് വൈകീട്ട് ആറരയോടെ മരണപ്പെടുകയായിരുന്നു.

കടക്ക് മുന്നില്‍ സ്‌കൂട്ടി നിര്‍ത്തിയതിനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് രജത്തിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന്റെ കാരണമെന്താണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിനെതിരെ ഡല്‍ഹി മലയാളികള്‍ക്കിടയില്‍ ജനരോഷം ശക്തമാണ്. പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ പാന്‍മസാലക്കട നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. മയൂര്‍ വിഹാര്‍ ഫേസ്-മൂന്നിലെ കടകളെല്ലാം നാട്ടുകാര്‍ അടപ്പിച്ചു. ഇവിടെ പോലീസ് സുരക്ഷ ശക്തമാക്കി.

Class 9th student allegedly beaten to death by shopkeeper in Delhi”s Mayur Vihar (29/6/16) pic.twitter.com/rx70bW3CZ2

Latest