Connect with us

Kerala

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെച്ചു. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തികഞ്ഞ പരാജയമായിരുന്നെന്നും 5900 കോടി രൂപ അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി ഇനിയും രൂക്ഷമാവുമെന്നും ധവളപത്രത്തില്‍ പറയുന്നു.

നികുതി ചോര്‍ച്ചയും ചെലവിലെ ധൂര്‍ത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നികുതി വരുമാനത്തില്‍ വലിയ തോതില്‍ കുറവുണ്ടായി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നികുതി വരുമാനം 17 ശതമാനം ആയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് നികുതി വരുമാനം അഞ്ചു ശതമാനം കുറഞ്ഞ് 1 2 ശതമാനമായി. നികുതി വരുമാനത്തില്‍ ഉണ്ടായ ഈ കനത്ത ഇടിവ് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ബജറ്റ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെന്ന് ധവളപത്രത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റില്‍ ഓരോ തവണയും ആയിരം കോടി രൂപ അധികമായി ചെലവഴിച്ചു.അനാവശ്യമായ നികുതി ഇളവുകള്‍ നല്‍കിയതും പണം എത്ര ഉണ്ടെന്ന് നോക്കാതെ പദ്ധതികള്‍ പ്രഖ്യാപിച്ചതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ചെലവുകള്‍ നിയന്ത്രിക്കാന്‍ യാതൊരു നടപടിയും യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. കാര്‍ഷിക പദ്ധതിള്‍ക്ക് പണം നീക്കി വയ്ക്കാതെ മറ്റു മേഖലകളെ മാത്രം കേന്ദ്രീകരിച്ചത് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കി. പതിനായിരം കോടി രൂപ അടിയന്തരമായി കൊടുത്ത് തീര്‍ക്കാനുണ്ടെന്നും ധവളപത്രം പറയുന്നു.

സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. പെന്‍ഷന്‍ കുടിശിക 1000 കോടിയും കരാറുകാര്‍ക്ക് 1600 കോടിയും കൊടുത്ത് തീര്‍ക്കാനുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂകമ്മി 8199 കോടി രൂപയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്‌പോള്‍ 1009 കോടി രൂപ മാത്രമാണ് ഖജനാവില്‍ ഉണ്ടായിരുന്നതെന്നും ധവളപത്രം പറയുന്നു. ധനമന്ത്രി തയ്യാറാക്കിയ ധവളപത്രത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.