സച്ചിനില്ലാതെ ആള്‍ടൈം ഇലവന്‍; സങ്കക്കാരക്കെതിരെ പ്രതിഷേധം

Posted on: June 30, 2016 5:05 am | Last updated: June 30, 2016 at 1:07 am

sachin sangakkaraന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഉള്‍പെടുത്താതെ ആള്‍ ടൈം ഇലവനെ തിരഞ്ഞെടുത്ത ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരക്കെതിരെ ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണവുമായി സങ്കക്കാര തന്നെ രംഗത്തെത്തി.
സങ്കക്കാര പുറത്തുവിട്ട ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 11 കളിക്കാരുടെ പട്ടികയിലാണ് ക്രിക്കറ്റ് ദൈവത്തെ ഉള്‍പെടുത്താതിരുന്നത്. സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയാത്തതിലുള്ള അസൂയമൂലമാണ് സങ്കക്കാര, സച്ചിനെ ഒഴിവാക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ആരാധകര്‍ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് സങ്കക്കാര വിശദീകരണവുമായി രംഗത്തെത്തിയത്. സച്ചിനെ മാത്രമല്ല താന്‍ ഒഴിവാക്കിയതെന്നും വീരേന്ദ്ര സെവാഗിനെയും ഒരുപക്ഷെ ഇരുവരെക്കാളും ഭാവിയില്‍ മികച്ച താരം ആകാന്‍ സാധ്യതയുള്ള വിരാട് കോഹ്‌ലിയെയും ഒഴിവാക്കിയെന്നും എല്ലാവരെയും ഉള്‍കൊള്ളാന്‍ സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് സങ്കയുടെ വിശദീകരണം.
നാല് ആസ്‌ത്രേലിയന്‍ താരങ്ങളും മൂന്ന് ലങ്കന്‍ താരങ്ങളും ഇടംകണ്ട പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് മാത്രമേയുള്ളൂ. മുന്‍ ശ്രീലങ്കന്‍ നായകന്‍ അരവിന്ദ ഡിസില്‍വയാണ് ഇലവന്റെ നായകന്‍. മാത്യു ഹെയ്ഡനും രാഹുല്‍ ദ്രാവിഡുമാണ് ഓപണര്‍മാര്‍. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസ്, ഓസീസ് താരം റിക്കി പോണ്ടിംഗ് എന്നിവരും ബാറ്റിംഗ് നിരയില്‍ ഇടം പിടിച്ചു. ഓസീസ് താരം ഗില്‍ക്രിസ്റ്റാണ് വിക്കറ്റ് കീപ്പര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നവരെയും പേസര്‍മാരായി വസീം അക്രം, ചാമിന്ദ വാസ് എന്നിവരെയും ഉള്‍പ്പെടുത്തി.
ടീം: മാത്യു ഹെയ്ഡന്‍, രാഹുല്‍ ദ്രാവിഡ്, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ്, അരവിന്ദ ഡിസില്‍വ, ജാക്വസ് കാലിസ്, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, വസീം അക്രം, ചാമിന്ദ വാസ്.