ബ്രിട്ടന് മുന്നറിയിപ്പുമായി യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍

Posted on: June 30, 2016 6:00 am | Last updated: June 30, 2016 at 1:03 am

യുനൈറ്റഡ് നാഷന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകാനുള്ള ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങള്‍ക്കെതിരെയും വിദേശീയര്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ക്കെതിരെയും മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ഏത് സാഹചര്യത്തിലും ലോകത്തിന്റെ ഏത് ഭാഗത്തും വംശീയതയും വിദേശികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും സ്വീകരിക്കാനാകില്ലെന്ന് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി സെയ്ദ് റഅദ് അല്‍ഹുസൈന്‍ പറഞ്ഞു. വിദേശികള്‍ക്കെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വംശീയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ മുഴുവന്‍ കണ്ടെത്തി വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ ജീവിതത്തില്‍ നാമെല്ലാവരും പക്ഷപാതപരമായ പെരുമാറ്റങ്ങളെ നിരസിക്കാന്‍ തയ്യാറാകണം. വിവേചനപരമായി ഒന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടില്‍ ജീവിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ രീതിയില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അതിന് പുറമെ ഇംഗ്ലണ്ടിലെ തന്നെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ആക്രമണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇത്തരത്തില്‍ നൂറിലേറെ സംഭവങ്ങള്‍ അരങ്ങേറിയതായി ബ്രിട്ടനിലെ മുസ്‌ലിം കൗണ്‍സില്‍ പറയുന്നു.
അമേരിക്കന്‍ ട്രാം പാസഞ്ചറില്‍ യാത്ര ചെയ്യുകയായിരുന്ന ആളുകള്‍ക്കെതിരെ മാഞ്ചസ്റ്ററില്‍ നിന്നുള്ള മൂന്ന് ബ്രിട്ടീഷ് യുവാക്കള്‍ അസഭ്യം പറയുകയും ബ്രിട്ടന്‍ വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് ഇതിലെ അവസാന സംഭവം.
ഇംഗ്ലണ്ടില്‍ കാലങ്ങളായി താമസിച്ചുവരുന്ന പോളിഷ് ജനതക്കെതിരെയാണ് ഏറ്റവും കുടുതല്‍ കൈയേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ലണ്ടനിലെ പോളിഷ് എംബസി സ്ഥാനപതി നടുക്കം രേഖപ്പെടുത്തിയിരുന്നു. പോളിഷുകാരായ ആളുകളുടെ വീടുകള്‍ക്ക് പുറത്ത് രാജ്യം വിടുക എന്നെഴുതിയ ബാനറുകള്‍ സ്ഥാപിച്ച സംഭവം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.