Connect with us

Kannur

രാഷ്ട്രീയം വിടില്ല; അബ്ദുല്ലക്കുട്ടിക്ക് ഇനി വക്കീല്‍ പണിയും

Published

|

Last Updated

എ പി അബ്ദുല്ലക്കുട്ടി കണ്ണൂര്‍ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

കണ്ണൂര്‍: രാഷ്ട്രീയ ജീവിതത്തില്‍ അത്ഭുതം കാട്ടിയ എ പി അബ്ദുല്ലക്കുട്ടി ഇനി അഭിഭാഷകവൃത്തിയില്‍. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്ന് പരാജയപ്പെട്ടതോടെ അഭിഭാഷക ജോലിയിലേക്ക് തിരിഞ്ഞ അദ്ദേഹം ഇന്നലെ വക്കീല്‍ കുപ്പായമണിഞ്ഞ് കോടതിയിലെത്തി. സീനിയര്‍ അഭിഭാഷകന്‍ ഇ നാരായണനൊപ്പം രാവിലെ 10.45 ഓടെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്(രണ്ട്) കോടതിയിലെത്തിയത്. വാഹനാപകട കേസാണ് ആദ്യദിവസം ഏറ്റെടുത്തത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അഭിഭാഷകന്റെ ജോലി ഏറെ സന്തോഷം നല്‍കുന്നതാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കില്ല. അഭിഭാഷകവൃത്തിയും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമബിരുദം നേടിയ ശേഷം കോടതിയിലേക്കുള്ള അബ്ദുല്ലക്കുട്ടിയുടെ ആദ്യനടത്തം കൂടിയാണിത്. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തോട് ചേര്‍ന്ന് നേരത്തെ എം എല്‍ എ ഓഫീസ് ആയി പ്രവര്‍ത്തിച്ചിരുന്ന മുറി തന്നെയാണ് വക്കീല്‍ ഓഫീസാക്കിയത്. 1999ല്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നാണ് അബ്ദുല്ലക്കുട്ടി നിയമബിരുദം നേടിയത്. തുടര്‍ന്ന് ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തു. എന്നാല്‍ അതേവര്‍ഷം ലോക്‌സഭാ എം പിയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ കോടതിലേക്ക് പോയില്ല. തൊട്ടടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി പി എം പ്രതിനിധിയായി. സി പി എമ്മില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാളയത്തിലെത്തിയ അബ്ദുല്ലക്കുട്ടി രണ്ട് തവണ കണ്ണൂരിന്റെ എം എല്‍ എയായി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് കടുത്ത വിവേചനമുണ്ടായതിനെ തുടര്‍ന്നാണ് കണ്ണൂര്‍ മണ്ഡലം വിട്ടു അബ്ദുല്ലക്കുട്ടിക്ക് തലശ്ശേരിയില്‍ മത്സരിക്കേണ്ടി വന്നത്. സി പി എമ്മിലെ എ എന്‍ ഷംസീറിനോട് 34,117 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അബ്ദുല്ലക്കുട്ടിക്ക് ആദ്യമായി തിരഞ്ഞെടുപ്പ് പരാജയം നേരിടേണ്ടി വന്നത്.

Latest