മുത്തലാഖ് മൗലികാവകാശ ലംഘനമാണോയെന്ന് പരിശോധിക്കും: സുപ്രീംകോടതി

Posted on: June 30, 2016 6:01 am | Last updated: June 30, 2016 at 12:51 am

ന്യൂഡല്‍ഹി: മുത്തലാഖ് മൗലികാവകാശത്തിന്റെ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹ മോചനത്തിനായി മൂന്ന് തവണ തലാഖ് ചൊല്ലുന്ന മുത്തലാഖ് സമ്പ്രദായം നിരോധിക്കണമെന്നാവശ്യപ്പെട്ട ഹരജിയില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഹരജി കൂടുതല്‍വാദം കേള്‍ക്കുന്നതിനായി അടുത്തമാസം ആറിലേക്ക്് മാറ്റി.
മുത്തലാഖിനെതിരെ ചില കേന്ദ്രങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. അടുത്ത മാസം ആറിന് ഹരജി പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. മുത്തലാഖ് മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് തെളിഞ്ഞാല്‍ വിഷയത്തില്‍ കോടതിക്ക് എങ്ങനെ ഇടപെടാം എന്നുള്ള കാര്യം പരിശോധിക്കണം.
വിഷയത്തിന്റെ ഗൗരവം അനുസരിച്ച് കേസ്, വിശാല ബഞ്ചിനെ ഏല്‍പ്പിക്കണമോ എന്ന കാര്യവും പരിഗണിക്കാവുന്നതാണെന്ന് കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ വ്യക്തമാക്കി. മുസ്‌ലിം സമൂഹത്തിലെ ബഹുഭാര്യത്വം, മുത്തലാഖ് തുടങ്ങിയവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഷാഹറാബാനുവെന്ന യുവതിയാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയത്. ഭര്‍തൃ വീട്ടുകാരില്‍ നിന്ന് സ്ത്രീധന പീഡനവും ക്രൂരതയും നേരിട്ടുവെന്നും, ഭര്‍തൃവീട്ടുകാര്‍ നല്‍കിയ മരുന്നുകള്‍ തന്റെ ഓര്‍മ്മ നശിപ്പിച്ചെന്നും രോഗിയാക്കി. ഇതോടെ ഭര്‍ത്താവ് തന്നെ മുത്തലാഖിലൂടെ വിവാഹ മോചനം നടത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്. ഏകപക്ഷീയമായ വിവാഹ മോചനവും രണ്ടാം വിവാഹവും ഉള്‍പ്പെടെ മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളോട് വിവേചനമുണ്ടെന്നും ഇത് സുപ്രീംകോടതി പരിശോധിക്കണമെന്നുമായിരുന്നു ഹരജി. എന്നാല്‍ ഇക്കാര്യത്തില്‍ വിവിധ ന്യൂനപക്ഷ സമുദായങ്ങളിലെ വ്യക്തി നിയമങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷകാര്യ വകുപ്പിന്റെ മറുപടിയും ബഞ്ച് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള നിയമപരമായ എല്ലാ വിഷയങ്ങളും ചൂണ്ടിക്കാണിക്കാന്‍ സുപ്രീംകോടതി എതിര്‍ കക്ഷിയായ ആള്‍ ഇന്ത്യ മുസ്‌ലിം ലോ ബോര്‍ഡിനോട് നിര്‍ദേശിച്ചു.