Connect with us

Kerala

സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടി കവിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം 1,55,389.33 കോടിയായി ഉയര്‍ന്നതായി ധനമന്ത്രി ടി എം തോമസ് ഐസക് പി ഉണ്ണിയെ അറിയിച്ചു. 2011 മാര്‍ച്ചില്‍ ഇത് 73655 കോടിയായിരുന്നു. സംസ്ഥാനത്തിന്റെ അടിയന്തര ബാധ്യത 5965 കോടി രൂപയാണ്. പെന്‍ഷന്‍ കുടിശിക 1000 കോടി, വിവിധ വകുപ്പുകള്‍ക്ക് നല്‍കാനുള്ള ബില്‍ 2000 കോടി, കരാറുകാര്‍ക്ക് 1600 കോടിയും കൊടുത്ത് തീര്‍ക്കാനുണ്ടെന്ന് ടി വി ഇബ്‌റാഹീമിനെ ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തല്‍ ചെയ്യുന്നത് സംബന്ധിച്ച സാധ്യത പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് റവന്യൂ കുടിശ്ശിക ഇനത്തില്‍ 12,608 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സി ദിവാകരന്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതില്‍ 7,695 കോടി രൂപ തര്‍ക്കത്തിലാണ്. ബാക്കിയുള്ള തുക ഊര്‍ജ്ജിത റവന്യൂ റിക്കവറിയിലൂടെ പിരിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാളയാര്‍ ചെക്കുപോസ്റ്റിനെ പൂര്‍ണമായും അഴിമതി മുക്തമാക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. പ്രധാന ചെക്കുപോസ്റ്റുകള്‍ ആധുനികവത്ക്കരിച്ച് പരിശോധന വേഗത്തിലാക്കും. നികുതിചോര്‍ച്ച തടയുന്നതിന് വിപുലമായ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. ഉപഭോക്താക്കള്‍ ബില്‍ ചോദിച്ചുവാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാനായി ലക്കി ടാക്‌സ് പദ്ധതി നവീകരിക്കും. നറുക്കെടുപ്പിനായി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബില്‍ അയക്കാന്‍ മൊബൈല്‍ ആപ്പ് സജ്ജമാക്കും. കമ്പ്യൂട്ടര്‍ ബില്‍ നല്‍കുന്ന വ്യാപാരികള്‍ ബില്ലുകള്‍ തത്‌സമയം അപലോഡ് ചെയ്യണം.
നികുതി വരുമാനം 20 മുതല്‍ 25 ശതമാനമായി ഉയര്‍ത്തും. ഇപ്പോഴിത് 12 ശതമാനമാണ്. കഴിഞ്ഞ അഞ്ച്്് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കടം ഇരട്ടിയിലധികമായി വര്‍ധിച്ചു. ഭാവിയെ പോലും നോക്കാതെ കടം വാങ്ങുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. റവന്യൂ കമ്മി ക്രമാതീതമായി ഉയര്‍ന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ വര്‍ഷം ധനക്കമ്മി 17000 കോടിയായി ഉയര്‍ന്നേക്കുമെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest