Connect with us

Articles

സംശയങ്ങള്‍ അവസാനിക്കുന്നില്ല

Published

|

Last Updated

ജിഷ സംഭവത്തില്‍ ഇനിയുമുണ്ട് സംശയങ്ങള്‍ ബാക്കി. ആ പെണ്‍കൊച്ചെന്തിനു കത്തി തലയണക്കു കീഴില്‍ സൂക്ഷിച്ചു കൊണ്ട് ഉറങ്ങിയിരുന്നു? ആ കത്തി എവിടെപ്പോയി? ആരെപ്പേടിച്ചായിരുന്നു അത്? കക്ഷിയുടെ വശം ഒരു പെന്‍ക്യാമറ ഉണ്ടായിരുന്നു പോലും; അതെവിടെ? എന്തൊക്കെയാണതില്‍ രേഖപ്പെടുത്തിയിരുന്നത്? സംഭവ ദിവസമോ തൊട്ടടുത്ത ദിവസമോ ജിഷയും യുവാവും ചേര്‍ന്നു സ്റ്റുഡിയോയില്‍ പോയിരുന്നു പോലും. ഏതാണ് ആ സ്റ്റുഡിയോ? ആരായിരുന്നു ഒപ്പം ഉണ്ടായിരുന്ന യുവാവ്? അസംകാരന്‍ പ്രതി പറയുന്ന തരത്തിലുള്ള ഒരു സംഭവം കുളിക്കടവില്‍ ഉണ്ടായിട്ടില്ലെന്നു സ്ഥലവാസികള്‍ പറയുന്നു. പ്രതി പറയുന്നതാണ് ശരിയെങ്കില്‍ പ്രതിയെ ചെരുപ്പു കൊണ്ടടിച്ച ജിഷയോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ ആരായിരുന്നു?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉള്ള തൃപ്തികരമായ ഉത്തരം പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയതിനു ശേഷം മതി കേരളാ പോലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിക്കൊടുക്കുന്നതും കേരളാ പോലീസിനെ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പോലീസിനോടു ഉപമിക്കുന്നതും ഒക്കെ. അതിനു മുമ്പ് ഇപ്പോള്‍ നമ്മള്‍ കേരളാ പോലീസിനു മേല്‍ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന അമിത പ്രശംസയത്രയും വ്യര്‍ഥമാണ്. നാടന്‍ ഭാഷയില്‍പ്പറഞ്ഞാല്‍ ഏതു പോലീസുകാരനും സാധ്യമായതിനാല്‍ കൂടുതലൊന്നും ഈ വിഷയത്തില്‍ കേരളാ പോലീസിനു ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പ്രതി ലൈംഗിക വൈകൃതം ബാധിച്ച ആളായിരുന്നു എന്നാണ് പറയുന്നത്. ലൈംഗിക വൈകൃതങ്ങളെ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടില്ല പല ലോക രാജ്യങ്ങളും. സ്വവര്‍ഗാനുരാഗം ഒരു ലൈംഗിക വൈകൃതമാണെന്നാണ് പറയുന്നത്്. ഇപ്പോള്‍ അതും നിയമവിധേയമാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും യു എസും തയ്യാറായിരിക്കുന്നു. എന്തിനു സാക്ഷാല്‍ മാര്‍പാപ്പ പോലും അത്തരക്കാരെ ആശീര്‍വദിക്കാന്‍ കൈകള്‍ ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറയുന്നു.
ലൈംഗിക വൈകൃതങ്ങളെ അസ്വഭാവിക മാനസികാവസ്ഥയുടെ അനന്തര ഫലമായിട്ടാണ് ആധുനിക മനഃശാസ്ത്രം വിലയിരുത്തുന്നത്. അപകടകാരികളായ ഇത്തരക്കാരെ പൊതുസമൂഹത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ബാധ്യതപ്പെട്ടവരാണ് ഭരണകൂട ഏജന്‍സികള്‍. അവര്‍ ആ കര്‍ത്തവ്യം നിറവേറ്റുന്നില്ലെന്നാണ് ദിവസം തോറും രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗഗ്രസ്ഥമായ മാനസികാവസ്ഥയുള്ളവരെ പൊതുസമൂഹത്തില്‍ യഥേഷ്ടം വിഹരിക്കാന്‍ വിട്ടിട്ട് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു കഴിയുമ്പോള്‍, അവരെ കുറ്റവാളികളായി ചിത്രീകരിച്ച് ശിക്ഷ വിധിച്ചതു കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല പ്രശ്‌നം. സ്ത്രീകള്‍ക്കു നേരെ വികൃതമായ ലൈംഗിക ചേഷ്ടകള്‍ കാണിക്കുക, പങ്കാളിയുടെ ശരീരത്തില്‍ മുറിവേല്‍പിക്കുക, തരം കിട്ടിയാല്‍ കൊന്നുകളയുക, തുടര്‍ന്നു മൃതശരീരവുമായി ഇണചേരുക ഇത്തരം ലൈംഗിക വ്യതിയാനങ്ങളെ സാഡിസം, നക്രോഫിലി എന്നിങ്ങനെയുള്ള വാക്കുകള്‍ കൊണ്ടാണ് മനഃശാസ്ത്രജ്ഞര്‍ വ്യവഹരിക്കുന്നത്.
പ്രത്യക്ഷത്തില്‍ മാനസികാരോഗ്യമുള്ളവര്‍ എന്നു കരുതുന്നവര്‍ പോലും ഇത്തരം വൈകൃതങ്ങള്‍ പിന്തുടരാറുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നമ്മുടെ ഈ കാലത്ത് ഇതൊന്നും അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. തന്റെ തന്നെ അനുഭവ പുരാവൃത്തങ്ങള്‍ ആഖ്യാനം ചെയ്തു വെച്ച മാര്‍ക്വിസ്ഡിസാഡ് എന്ന ശാസ്ത്രജ്ഞന്റെ നാമത്തില്‍ നിന്നാണ് സാഡിസം എന്ന പദം ഉത്ഭവിച്ചിട്ടുള്ളത്. മറ്റൊരു വ്യക്തിയില്‍ വേദന ഏല്‍പ്പിച്ചു കൊണ്ട് ലൈംഗിക പ്രേരണകള്‍ക്കു ശമനം കണ്ടെത്തുന്ന മനോലൈംഗിക വൈകൃതം ആണ് സാഡിസം. ചെറിയ വേദന മുതല്‍ ഉത്കടമായ ക്രൂരതയുടെ തലംവരെ എത്തുന്നു. ചിലപ്പോള്‍ വളരെ ഗൗരവമുള്ള മുറിവിലേക്കൊ മരണത്തിലേക്കു തന്നെയോ നയിച്ചേക്കാം. ഇതിന്റെ നേര്‍വിപരീതമാണ് മസോക്കിസം എന്ന രതി വൈകൃതം. വേദനക്കോ അപമാനിക്കപ്പെടലിനോ വിധേയനാകുന്നതിലൂടെ ഒരു വ്യക്തി ലൈംഗികാശ്വാസം കണ്ടെത്തുന്ന രീതിയാണ് മസോക്കാസിം (masachism) 19-ാം നൂറ്റാണ്ടിലെ ആസ്ട്രിയന്‍ നോവലിസ്റ്റായ ലിയോപോള്‍ഡ്വോന്‍സാക്കെര്‍മാസോക്കിന്റെ പേരില്‍ നിന്നാണ് ഈ വാക്ക് രൂപപ്പെടുത്തിയത്.
ഒരാളില്‍ തന്നെ ഈ രണ്ട് പ്രവണതകളും മാറിമാറി പ്രത്യക്ഷപ്പെട്ടു എന്നു വരാം. ഹിറ്റ്‌ലര്‍, മുസ്സോളനി തുടങ്ങിയ വിവാഹ വിരോധികളും സ്വാഭാവിക രതി വിമുഖരും ആയ സ്വേച്ഛാധിപതികള്‍ ഇതില്‍ ആദ്യ വിഭാഗത്തിലും കഠിനമായ സന്യാസ വ്രതങ്ങളില്‍ ആമഗ്നരായ വിശുദ്ധ അന്തോണിസ്, വിശുദ്ധ ജറോം തുടങ്ങിയ ക്രൈസ്തവ സന്യാസികള്‍ രണ്ടാം വിഭാഗത്തിലും പെടുന്നു എന്നാണ് ഫാസിസത്തിന്റെ ആള്‍കൂട്ട മനഃശാസ്ത്രം എന്ന വിശ്രുതമായ പഠനത്തില്‍ വില്‍ഹം റീഹ് നിരീക്ഷിക്കുന്നത്. ജിഷയുടെ ഘാതകനെ ഈ രണ്ട് വിഭാഗത്തിലും പെടുത്തി അയാളില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ലളിതവത്കരിക്കാനല്ല ഇതിവിടെ സൂചിപ്പിച്ചത്.
നമ്മള്‍ നാട്ടുകാര്‍ ആഗ്രഹിക്കുന്നതു പോലെ ഈ കുറ്റാരോപിതന് വധശിക്ഷ പോലുള്ള ഏറ്റവും കഠിന ശിക്ഷകള്‍ തന്നെ ലഭിക്കണമെങ്കില്‍ അന്വേഷണ സംഘം കുറേയേറെ പണികള്‍ കൂടെ ചെയ്യേണ്ടി വരും. ജിഷയുടെ പിതാവെന്നവകാശപ്പെടുന്ന വ്യക്തി ഇപ്പോള്‍ ഉന്നയിച്ചു കേള്‍ക്കുന്ന സി ബി ഐ അന്വേഷണം, കേസിനു ഒരു തുമ്പും ലഭിക്കുന്നതിനു മുമ്പു തന്നെ കെ പി സി സി നേതൃത്വം വളരെ ധൃതി പിടിച്ചു ജിഷയുടെ മാതാവിനു നല്‍കിയ 15ലക്ഷം രൂപയുടെ സ്രോതസ്സ് ഇവയെല്ലാം പരിഗണനാ വിഷയങ്ങള്‍ ആക്കേണ്ടി വരും. ഇതിന് മുമ്പൊരിക്കലും തത്തുല്യമായ ദുരന്തങ്ങളില്‍ ഇത്ര ധൃതിപിടിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊല്ലപ്പെട്ട വ്യക്തിയുടെ ആശ്രിതര്‍ക്കു ഇങ്ങനെ ഒരു ധനസഹായം ചെയ്തതായി കേട്ടില്ല. ഇവിടെയാണ് അസംകാരന്‍ മനോരോഗി കേരളത്തിലെ ആരുടേയെങ്കിലും കൈകളില്‍ ആയുധമായി മാറുകയായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടത്. അയാള്‍ കുറ്റവാളിയോ മനോരോഗിയോ രണ്ടില്‍ ഏതെങ്കിലും ആകട്ടെ. അയാളിലും കൂടുതല്‍ അപകടകാരികളായ കുറ്റവാളികളുടെയും മനോരോഗികളുടെയും ഇടയിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന ഭീതിയില്‍ നിന്നാരു നമ്മളെ മുക്തരാക്കും?
(അവസാനിച്ചു; ഫോണ്‍ – 9446268581)

Latest