ക്യു എഫ് റേഡിയോ പ്രക്ഷേപണം നിര്‍ത്തുന്നു

Posted on: June 29, 2016 8:38 pm | Last updated: June 29, 2016 at 8:38 pm

QF-radio-ദോഹ: ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഖത്വര്‍ ഫൗണ്ടേഷന്‍ റേഡിയോ പ്രക്ഷേപണം നിര്‍ത്തുന്നു. ഈ വര്‍ഷം ഒക്‌ടോബറോടെ പ്രക്ഷേപണം നിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഖത്വര്‍ ഫൗണ്ടേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇംഗ്ലീഷിലും അറബിയിലുമായി ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന റേഡിയോക്ക് ഖത്വറിലെ വാര്‍ത്താ വിതരണ മേഖലയില്‍ നിര്‍ണായകമായ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞുവെന്നും പ്രദേശിക സമൂഹത്തെ വിവിധ വിദ്യാഭ്യാസ, യൂവജന കേന്ദ്രീകൃതമായ പരിപാടികളിലൂടെ ഖത്വര്‍ ഫൗണ്ടേഷനുമായി ബന്ധിപ്പിക്കുന്നതിലും അവബോധം സൃഷ്ടിക്കുന്നതിലും റേഡിയോ വലിയ പങ്കുവഹിച്ചുവെന്നും മാനേജ്‌മെന്റ് പറഞ്ഞു. ഖത്വര്‍ ഫൗണ്ടേന്റെ എല്ലാ പരിപാടികളും റേഡിയോ കവര്‍ ചെയ്തിരുന്നു. രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും നല്‍കി. അവതരണം. പ്രോഗ്രാം നിര്‍മാണം, ലൈവ്-റെക്കോര്‍ഡിംഗ് പ്രോഗ്രാമുകള്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്.
ഇപ്പോള്‍ നടന്നു വരുന്നതും കഴിഞ്ഞ ദിവങ്ങളിലായി തയാറാക്കിയതുമായ പ്രോഗ്രാമുകള്‍ അടുത്ത മാസങ്ങളില്‍ പ്രേക്ഷേപണം ചെയ്യും. റമസാന്‍, സമ്മര്‍ ഷെഡ്യൂളുകളും പൂര്‍ത്തിയാക്കും. പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാനായി ഏതാനും മികച്ച പരിപാടികള്‍ കൂടി ക്യു എഫ് റേഡിയോയില്‍ നിന്നു ലഭിക്കും.