ജറുസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകുന്നത് വരെ പിന്തുണയെന്ന് ഖത്വര്‍

Posted on: June 29, 2016 8:21 pm | Last updated: June 29, 2016 at 8:21 pm

ദോഹ: ജറുസലം തലസ്ഥാനമായി ഫലസ്തീന്‍ സ്ഥാപിതമാകുകയെന്ന നിയമപരമായതും പരമപ്രധാനമായതുമായ അവകാശം നേടിയെടുക്കുന്നത് വരെ ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ തുടരുമെന്ന് ഖത്വര്‍. ഫലസ്തീനിലെയും മറ്റ് അധിനിവിഷ്ട അറബ് മേഖലയിലെയും മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് യു എന്നില്‍ നടന്ന ചര്‍ച്ചയില്‍ ഖത്വര്‍ സ്ഥിര പ്രതിനിധി അംബാസഡര്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ ഹെന്‍സബ് ആണ് രാജ്യത്തിന്റെ നിലപാട് അറിയിച്ചത്. അധിനിവേശ ശക്തിയായ ഇസ്‌റാഈല്‍ ഫലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന ആക്രമണങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും തെളിവായി രേഖപ്പെടുത്തേണ്ടതുണ്ട്. 68 വര്‍ഷത്തിലേറെയായ ഇസ്‌റാഈല്‍ ക്രൂരത ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. പ്രശ്‌നത്തില്‍ സമഗ്രവും നീതിയുക്തവും സമാധാനപൂര്‍ണവുമായ പരിഹാരം കൊണ്ടുവരാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ അട്ടിമറിക്കുന്ന ഇസ്‌റാഈലിന്റെ ചെയ്തികള്‍ക്ക് അറുതിവരുത്താന്‍ സാധിക്കാത്തത് ദുഃഖകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.