Connect with us

Gulf

ഖത്വറില്‍ അവശ്യ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ നടപടി

Published

|

Last Updated

ദോഹ: രാജ്യത്തെ ഭക്ഷ്യ- ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലസ്ഥിരത ലക്ഷ്യമിട്ട് പ്രധാന ചില്ലറ വില്‍പ്പനശാലകളുമായി വാണിജ്യ മന്ത്രാലയം കരാറിലെത്തി. ലാഭനിരക്കും വിലവര്‍ധനവും വിശകലനം ചെയ്യുന്ന കമ്മിറ്റിയുടെ അനുമതി പ്രകാരം മാത്രമെ ഈ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ വില വര്‍ധിപ്പിക്കുകയുള്ളൂ.
രാജ്യത്ത് 96 ബ്രാഞ്ചുകളുള്ള 156 ചില്ലറ വില്‍പ്പന കേന്ദ്രങ്ങളാണ് കരാറില്‍ ഒപ്പുവെച്ചത്. 41 ബ്രാഞ്ചുകളുള്ള അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി, ആറ് ബ്രാഞ്ചുകളുള്ള കേര്‍ഫോര്‍ ഹെപര്‍മാര്‍ക്കറ്റ്, ആറ് ബ്രാഞ്ചുകളുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, നാല് ബ്രാഞ്ചുകളുള്ള വേള്‍ഡ് ഫുഡ്, മൂന്ന് ബ്രാഞ്ചുകളുള്ള ഫാമിലി ഫുഡ് സെന്റര്‍, അഞ്ച് ബ്രാഞ്ചുകളുള്ള ഖത്വര്‍ കണ്‍സ്യൂമര്‍ കോംപ്ലക്‌സസ്, ആറ് ബ്രാഞ്ചുകളുള്ള സഊദി അറേബ്യ ഹൈപ്പര്‍മാര്‍ക്കറ്റ്, മൂന്ന് ബ്രാഞ്ചുകളുള്ള സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്, ഒരു ബ്രാഞ്ചുള്ള അല്‍ റവാബി, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്, നാല് ബ്രാഞ്ചുള്ള മെഗാമാര്‍ട്ട്, മൂന്ന് ബ്രാഞ്ചുള്ള സ്പിന്നീസ്, രണ്ട് ബ്രാഞ്ചുള്ള ഫുഡ് പാലസ്, പത്ത് ബ്രാഞ്ചുകളുള്ള ഗ്രാന്‍ഡ് മാര്‍ട്ട്, ഒരു ബ്രാഞ്ചുള്ള അല്‍ സഫീര്‍ സെന്റര്‍ എന്നിവയാണ് മന്ത്രാലയവുമായി കരാറിലെത്തിയത്.
അവശ്യ സാധനങ്ങളുടെ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിന് ഇരുകൂട്ടരും സമ്മതിച്ചു. എല്ലാ ശാലകളിലും ഏകീകൃത വിലക്കാണ് ഇവ വില്‍ക്കുക.
കരാര്‍ നടപ്പാക്കുന്നതിന് മന്ത്രാലയത്തിലെയും ചില്ലറ വില്‍പ്പനശാലകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ റമസാന്‍ ക്യാംപയിന്റെ ഭാഗമായാണ് ഈ പദ്ധതി.

 

Latest