വിഎസിന്റെ പദവിയില്‍ തീരുമാനമായില്ല

Posted on: June 29, 2016 8:15 pm | Last updated: June 30, 2016 at 9:40 am

vs 2തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. വിഎസിന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ പദവി നല്‍കുന്നതിനുള്ള സാധ്യത സംബന്ധിച്ച പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും എംഎല്‍എ പദവിയും ഒരുമിച്ച വഹിക്കുമ്പോള്‍ ഇരട്ടപ്പദവി മൂലമുണ്ടായേക്കാവുന്ന നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മലാപറമ്പ് എയുപി സ്‌കൂള്‍ അടക്കം നാല് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം ഇറക്കുന്നതിന്റെ മുന്നോടിയായി കരട് ധവണപത്രം മന്ത്രിസഭായോഗം അംഗീകരിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന ധവളപത്രം നിയമസഭയില്‍ വെക്കാനും യോഗത്തില്‍ തീരുമാനമായി.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ അനൗദ്യോഗിക അംഗങ്ങളുടെ സേവനം കാലാവധി തീരുന്ന മുറക്ക് അവസാനിപ്പിക്കും. കമ്പനി, ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവയിലെ അംഗങ്ങളുടെ സേവനമാണ് നിയമാനുസൃതമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവര്‍ക്ക് കാലാവധി തീരുന്നതുവരെ സ്ഥാനത്ത് തുടരാം.

സുപ്രീംകോടതി സ്റ്റാന്റിംഗ് കൗണ്‍സില്‍ ആയി അഡ്വ. ജി പ്രകാശിനെ നിയമിക്കും. മലപ്പുറം പാലച്ചിറമേട് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപാ വീതവും ധനസഹായം നല്‍കും. മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.