പെരുമഴയില്‍ മെസിയെ കാത്ത്…..

Posted on: June 29, 2016 1:12 am | Last updated: June 29, 2016 at 1:12 am

messiബ്യൂണസ് അയേഴ്‌സ്: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് പടിയിറങ്ങിയെങ്കിലും ജനമനസ്സുകളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ലയണല്‍ മെസിക്ക് കഴിയില്ലെന്ന് തെളിയിക്കുകയാണ് ഫുട്‌ബോള്‍ ലോകം. അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറികോ മക്രി, ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മെസിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അര്‍ജന്റീന കുപ്പായമണിഞ്ഞ് മെസി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഓരോ ഫുട്‌ബോള്‍ ആരാധകനും.
കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെ തോല്‍വിക്ക് ശേഷം സ്വരാജ്യത്ത് തിരിച്ചെത്തിയ മെസിക്കും സംഘത്തിനും അര്‍ജന്റൈന്‍ ജനത നല്‍കിയ സ്വീകരണം അത് തെളിയിക്കുന്നതായിരുന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചുവരുന്ന മെസിയെ വരവേല്‍ക്കാന്‍ ബ്യൂണസ് അയേഴ്‌സിലെ വിമാനത്താവളത്തില്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. ഫൈനലിലെ തോല്‍വിക്ക് ശേഷം കണ്ണീരൊലിപ്പിച്ചു നിന്ന തങ്ങളുടെ പ്രിയ താരത്തെ ഒന്നു കാണാന്‍ കോരിച്ചൊരിയുന്ന മഴ അവര്‍ക്ക് ഒരു തടസ്സമേ ആയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പിടികൊടുക്കാതെ മെസിയും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കോപ്ലസിലേക്ക് മടങ്ങി. പക്ഷേ. പ്ലകാര്‍ഡുകളും മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സിയുമണിഞ്ഞ് ആയിരങ്ങള്‍ ടീം ബസിനെ അനുഗമിക്കാന്‍ മത്സരിച്ചു. ടീം ബസ് സഞ്ചരിക്കുന്ന വഴിയരികില്‍ അവര്‍ തങ്ങളുടെ പ്രിയ താരത്തിന്റെ പേര് വിളിച്ചുകൊണ്ടിരുന്നു. കൊച്ചുകുട്ടിമുതല്‍ പ്രായമേറിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ”മെസീ, വിടവാങ്ങരുത് ” എന്നെഴുതിയ ബാനറുകളായിരുന്നു ഏറെയും. ”മെസീ നിന്നെ ഞാന്‍ എന്റെ അമ്മയ്‌ക്കൊപ്പം സ്‌നേഹിക്കുന്നു’ എന്നായിരുന്നു ഒരു പ്ലകാര്‍ഡിലെ വാചകം. ചിലര്‍, മെസിയെ തങ്ങളുടെ കാമുകിയേക്കാള്‍ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞു. കലങ്ങിയകണ്ണുകളുമായാണ് അര്‍ജന്‍രൈന്‍ താരങ്ങള്‍ ബസില്‍ നിന്ന് ആരാധകരുടെ സ്‌നേഹപ്രകടനം കണ്ടുനിന്നത്. കോപ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ കിരീടം കൈവിട്ടതിന് പിന്നാലെയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മെസി നിര്‍ണായകമായ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ചിലിയോട് ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ പരാജയം. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്.