ക്വാര്‍ട്ടര്‍ ലൈനപ്പായി : ജര്‍മനി VS ഇറ്റലി

Posted on: June 29, 2016 5:10 am | Last updated: June 29, 2016 at 1:11 am

euro 2016പാരീസ്: പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം അവസാനിച്ചതോടെ യൂറോ കപ്പിലെ കീരീടപ്പോരാട്ടത്തിന് ഇനി എട്ട് പേര്‍. ഇംഗ്ലണ്ട്- ഐസ്‌ലാന്‍ഡ് മത്സരത്തോടെയാണ് പ്രീ ക്വാര്‍ട്ടര്‍ അവസാനിച്ചത്. മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനും കരുത്തരായ ഇംഗ്ലണ്ടും തോറ്റ് പുറത്തായത് പ്രീ ക്വാര്‍ട്ടറിലെ വന്‍ വീഴ്ചകളായി.
അതേ, സമയം, കന്നിയൂറോക്കെത്തിയ വെയ്ല്‍സും ഐസ്‌ലാന്‍ഡും അവസാന എട്ടില്‍ കടന്നത് ചരിത്രത്തിന്റെ ഭാഗമായി. പോളണ്ട്, പോര്‍ച്ചുഗല്‍, വെയ്ല്‍സ്, ബെല്‍ജിയം, ഇറ്റലി, ജര്‍മനി, ഐസ്‌ലാന്‍ഡ്, ഫ്രാന്‍സ് എന്നിവരാണ് ക്വാര്‍ട്ടറില്‍ അവസാന നാലിലെത്താന്‍ മാറ്റുരക്കുന്നത്.
സ്‌പെയിനെയും ഇംഗ്ലണ്ടിനെയും കൂടാതെ സ്വിറ്റ്‌സര്‍ലാന്‍ഡ്, വടക്കന്‍ അയര്‍ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്ലൊവാക്യ, ഹംഗറി ടീമുകള്‍ക്കാണ് പ്രീ ക്വാര്‍ട്ടറില്‍ അടിതെറ്റിയത്. സ്‌പെയിനെ ഇറ്റലി കീഴടക്കിയപ്പോള്‍ ഇംഗ്ലണ്ടിനെ ഐസ്‌ലാന്‍ഡ് അട്ടിമറിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായെത്തിയ ഹംഗറിയാണ് പ്രീ ക്വാര്‍ട്ടറില്‍ വലിയ മാര്‍ജിനില്‍ തോറ്റത്. ബെല്‍ജിയത്തോട് ഏകപക്ഷീയമായ നാല് ഗോളിനായിരുന്നു തോല്‍വി. ഒരു തവണ മാത്രം ഷൂട്ടൗട്ടില്‍ കലാശിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡ്- പോളണ്ട് മത്സരമാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ജൂലൈ ഒന്ന് വെള്ളിയാഴ്ചയോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ പോളണ്ട് പോര്‍ച്ചുഗലുമായി ഏറ്റുമുട്ടും. രണ്ടാം ക്വാര്‍ട്ടറില്‍ വെയ്ല്‍സ് ബെല്‍ജിയത്തെ നേരിടും. വടക്കന്‍ അയര്‍ലാന്‍ഡിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് വെയ്ല്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. നിലവിലെ റണ്ണേഴ്‌സായ ഇറ്റലിക്ക് ലോകചാമ്പ്യന്മാരായ ജര്‍മനിയാണ് എതിരാളികള്‍. കന്നിക്കാരായ ഐസ്‌ലാന്‍ഡ് നാലാം ക്വാര്‍ട്ടറില്‍ അതിഥേയരായ ഫ്രാന്‍സിനെ എതിരിടും.