തെലങ്കാനയില്‍ ഒമ്പത് ജഡ്ജിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: June 29, 2016 6:00 am | Last updated: June 29, 2016 at 12:57 am

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജഡ്ജിമാരെയും ഉദ്യോഗസ്ഥരേയും കൂടുതലായി നിയമിക്കുന്നുവെന്ന ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്തുകയും തെലങ്കാനക്ക് പുതിയ ഹൈക്കോടതി വേണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്ത ജഡ്ജിമാര്‍ക്കെതിരെ നടപടി. ഒമ്പത് പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹൈദരാബാദ് ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് കോടതി പുറത്തുവിട്ടിട്ടില്ല. തെലങ്കാന ജഡ്ജസ് അസോസിയേഷന്‍ പ്രസിഡന്റും മെട്രോപോളിറ്റന്‍ സെഷന്‍സ് കോടതി ജഡ്ജിയുമായ കെ രവീന്ദര്‍ റെഡ്ഡി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും റംഗ റെഡ്ഡി അഡീഷനല്‍ ജില്ലാ കോടതി ജഡ്ജിയുമായ വാരപ്രസാദ് എന്നിവരെ കഴിഞ്ഞ ദിവസം ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സമരത്തിന് മുന്‍പന്തിയിലുള്ള തെലങ്കാന ജഡ്ജിമാര്‍ കൂട്ട അവധിക്ക് അപേക്ഷിക്കാനും തീരുമാനിച്ചിരുന്നു.
ഹൈക്കോടതി തീരുമാനം തെലുങ്കാനയിലെ ജഡ്ജിമാരെയും അഭിഭാഷകരെയും കോടതി ഉദ്യോഗസ്ഥരെയും ചൊടിപ്പിച്ചിട്ടുണ്ട്. ശക്തമായ സമരത്തിന് തന്നെയാണ് ഇവര്‍ പദ്ധതിയിടുന്നത്. ഹൈദരബാദ് ഹൈക്കോടതിയില്‍ നിന്ന് തെലങ്കാന ഹൈക്കോടതി വിഭജിക്കണമെന്ന ആവശ്യത്തിന് കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇന്നലെ ഹൈദരാബാദില്‍ നടന്ന തെലങ്കാന ജഡ്ജിമാരുടെ യോഗത്തില്‍ നിരാഹാര സമരമടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്താന്‍ തെലങ്കാന അഭിഭാഷകരുടെ ആക്ഷന്‍ കമ്മിറ്റിയുടെ നേതാക്കള്‍ ന്യൂഡല്‍ഹിയിലെത്തിയിട്ടുണ്ട്. അതേസമയം, ഹൈദരാബാദ് ഹൈക്കോടതിയിലെ വിവാദ നിയമനങ്ങളില്‍ പ്രതിഷേധിച്ച ജയ വിന്ദ്യാലയെന്ന അഭിഭാഷകയെ അറസ്റ്റ് ചെയ്ത് ചാര്‍മിനാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കുന്നത് വരെ മരണം വരെ നിരാഹാരം കടക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. തെലങ്കാനയിലെ കോടതികളിലേക്ക് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജുഡീഷ്യല്‍ ഓഫീസര്‍ മാരെ നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. തെലങ്കാനയിലെ കോടതികളിലേക്ക് നിയമിച്ച 102 പേരില്‍ 72 പേരും ആന്ധ്രയില്‍ നിന്നുള്ളവരായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള ഓഫീസര്‍മാരെ തെലങ്കാനയിലേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നാഴ്ചയായി തെലങ്കാനയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സമരത്തിലാണ്.
ആന്ധ്രാപ്രദേശും തെലങ്കാനയുമായി 2014ല്‍ വിഭജനം നടന്നപ്പോള്‍ ആന്ധ്ര ഹൈക്കോടതി ഹൈദരാബാദ് ഹൈക്കോടതിയായി മാറിയിരുന്നു. ഇരു സംസ്ഥാനങ്ങളുടേയും ഉന്നത ന്യായപീഠമായി വര്‍ത്തിക്കുന്നത് ഈ കോടതിയാണ്. ഇവിടെ നടക്കുന്ന നിയമനങ്ങളിലും മറ്റും തെലങ്കാനയില്‍ നിന്നുള്ളവരെ വ്യാപകമായി തഴയുന്നുവെന്നാണ് ആക്ഷേപം.