Connect with us

National

ബീഫ് കടത്തിയെന്ന് ആരോപിച്ച് യുവാക്കളെ ചാണകം തീറ്റിച്ചു

Published

|

Last Updated

വീഡിയോയില്‍നിന്നുള്ള ചിത്രം

ന്യൂഡല്‍ഹി/ചണ്ഡീഗഢ്: ബീഫ് കടത്തിയെന്നാരോപിച്ച് യുവാക്കളെ ഗോരക്ഷാ ദള്ളിന്റെ പ്രവര്‍ത്തകര്‍ ചാണകം തീറ്റിക്കുകയും പശുമൂത്രം കുടിപ്പിക്കുകയും ചെയ്തു. ജൂണ്‍ പത്തിനാണ് സംഭവം. പ്രാകൃത ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് പുറം ലോകം ഇക്കാര്യമറിഞ്ഞത്. റിസ്‌വാന്‍, മുക്തിയാര്‍ എന്നിവരെ ചാണകവും ഗോമൂത്രവും അടങ്ങിയ പഞ്ചഗവ്യം തീറ്റിച്ചതായി ഗുഡ്ഗാവ് ഗോ രക്ഷാ ദള്‍ പ്രസിഡന്റ് ധര്‍മേന്ദ്ര യാദവ് സമ്മതിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മീവത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് വാഹനത്തില്‍ 700 കിലോ ബീഫ് കൊണ്ടുപോയ രണ്ട് യുവാക്കളെ ഏഴ് കിലോമീറ്ററോളം ദൂരം പിന്തുടര്‍ന്ന് പിടികൂടിയാണ് ശിക്ഷ നല്‍കിയതെന്ന് ധര്‍മ്മേന്ദ്ര പറയുന്നു.
രണ്ട് യുവാക്കള്‍ റോഡിലിരുന്ന് പഞ്ചഗവ്യം ഭക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. മിശ്രിതം വേഗത്തില്‍ ഇറക്കാന്‍ വേണ്ടി യുവാക്കള്‍ വെള്ളം കുടിക്കുന്നതും വീഡിയോയിലുണ്ട്. മിശ്രിതം വിഴുങ്ങുമ്പോള്‍ “ഗോ മാതാ കീ ജയ്” എന്നും “ജയ് ശ്രീരാം” എന്നും അവരെകൊണ്ട് നിര്‍ബന്ധിപ്പിച്ച് വിളിപ്പിക്കുന്നു. യുവാക്കളെ തെരുവില്‍ ഉപേക്ഷിച്ച് ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ മടങ്ങുന്നതാണ് 57 സെക്കന്‍ഡ്് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഒടുവിലത്തെ രംഗം. വേഗം വേഗം എന്ന് ആക്രോശിക്കുന്നതും വീഡിയോ ചിത്രീകരണം അവസാനിപ്പിക്കാന്‍ ആരോ പറയുന്നതുമായ ഓഡിയോയും ദൃശ്യത്തിലുണ്ട്.
എന്നാല്‍ വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് യാദവിന്റെ പ്രതികരണം. പിന്നീട് ഈ യുവാക്കളെ ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബീഫ് നിരോധന നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ്. യുവാക്കളെ ചാണകം തീറ്റിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ ഭാക്ഷ്യം. വീഡിയോയെ കുറിച്ച് അറിവില്ലെന്നും പോലീസ് പറയുന്നു.

Latest