Connect with us

Kerala

കര്‍ണാടക പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു: പി ഡി പി

Published

|

Last Updated

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് അബ്ദുന്നാസര്‍ മഅ്ദനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജി ഈ 30 ന് പരിഗണിക്കാനിരിക്കെ കര്‍ണാടക പ്രോസിക്യൂഷന്‍ സുപ്രീം കോടതിയില്‍ കള്ള സത്യവാങ്മൂലം സമര്‍പ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ മുജീബ്‌റഹ്മാന്‍. കള്ളത്തെളിവുകളും കള്ള സാക്ഷികളെയും നിരത്തി കേസില്‍ മഅ്ദനിയെ കുറ്റവാളിയാക്കാന്‍ അന്വേഷണ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു സ്‌ഫോടന കേസില്‍ മുപ്പത്തി ഒന്നാം പ്രതിയാക്കപ്പെട്ടിട്ടുള്ള മഅ്ദനിക്ക് വധശിക്ഷ വിധിക്കാന്‍ കാരണമായ കുറ്റം ചെയ്തിട്ടുള്ളതായി പ്രോസിക്യൂഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് വിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നിരവധി രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്ന മഅ്ദനിക്ക് വിദഗ്ധ ചികിത്സക്ക് വേണ്ടിയും നഷ്ടപ്പെട്ട കാഴ്ച ശേഷി തിരിച്ചുകിട്ടുന്നതിന് വേണ്ടിയുള്ള ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടി കേരളത്തിലെത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനാണ് മഅ്ദനി ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.
മഅ്ദനിയെ കുറ്റവാളിയാക്കി മുദ്രകുത്തി കോടതികളെ തെറ്റിദ്ധരിപ്പിച്ച് ഭൂരിപക്ഷ വോട്ട് ബേങ്ക് തങ്ങള്‍ക്കനുകൂലമാക്കാന്‍ രാഷ്ട്രീയം കളിക്കുകയാണ് കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍. നിരന്തരം തുടരുന്ന നീതി നിഷേധത്തിനെതിരെ കര്‍ണാടക സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പി ഡി പി രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സമരപരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ അടുത്ത ദിവസം സംസ്ഥാന നേതൃയോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് നീതി ലഭ്യമാക്കാനും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

Latest