‘181’ സ്ത്രീ സുരക്ഷക്കായി ഇനി ഒരു ടോള്‍ഫ്രീ നമ്പര്‍ മാത്രം

Posted on: June 29, 2016 5:48 am | Last updated: June 29, 2016 at 12:51 am

women toll freeതിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കായി ഇനി ഒരു ടോള്‍ഫ്രീ നമ്പര്‍ മാത്രം. പോലീസിന്റേതുള്‍പ്പെടെ വിവിധ വകുപ്പുകളുടെ ടോള്‍ഫ്രീ നമ്പറുകളെ ഏകോപിപ്പിച്ച് 181 എന്ന നമ്പര്‍ മാത്രം നിലവില്‍ വരുത്താനാണ് തീരുമാനം. ഈ നമ്പര്‍ അടുത്തമാസം നിലവില്‍വരും. സ്ത്രീ സുരക്ഷക്കായി രാജ്യത്ത് തന്നെ ഒറ്റ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലും പുതിയ നമ്പര്‍ വരുന്നത്.
നിലവില്‍ സ്ത്രീ സുരക്ഷക്കായി 1090, 1098, 100 തുടങ്ങിയ നമ്പറുകളാണ് വിവിധ വകുപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമേ വനിതാ കമ്മീഷന്റെയും വനിതാ വികസന കോര്‍പറേഷന്റെയും കുടുംബശ്രീയുടെയും വിവിധ പദ്ധതികളിലെ നമ്പറുമുണ്ട്. ഒന്നിലധികം ടോള്‍ഫ്രീ നമ്പറുകള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒറ്റനമ്പറിലേക്ക് മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വനിതാ വികസന കോര്‍പറേഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തായിരിക്കും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 181 ഹെല്‍പ്പ് ലൈനിന്റെ സേവന കേന്ദ്രങ്ങളുണ്ടാകും.
അപകടത്തില്‍പ്പെട്ടതായി ഒരു സ്ത്രീയുടെ അറിയിപ്പ് കോള്‍ സെന്ററില്‍ ലഭിച്ചാല്‍ ജില്ലാ ആസ്ഥാനത്തെ സേവന കേന്ദ്രത്തിലേക്ക് വിവരം ഉടനടി കൈമാറും. സേവന കേന്ദ്രത്തില്‍ പോലീസ്, ആരോഗ്യനിയമ മേഖലയിലെ പ്രതിനിധികളുണ്ടാകും. അത്യാധുനിക ആംബുലന്‍സ് സൗകര്യവുമൊരുക്കും. ഇതുകൂടാതെ, സ്ത്രീകള്‍ക്ക് കൗണ്‍സിലിങ്ങും സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ അറിയാനുള്ള സൗകര്യവും ടോള്‍ഫ്രീ നമ്പറിലൂടെ ലഭിക്കും.
നിലവില്‍ പല നമ്പറുകളും നിലവിലുണ്ടെങ്കിലും മിക്കവയും കാര്യക്ഷമമല്ല. ഏത് നമ്പറില്‍ വിളിക്കണമെന്ന ആശയക്കുഴപ്പത്തിലായിരിക്കും മിക്കവരും. അത്യാവശ്യ സാഹചര്യങ്ങളില്‍ പല നമ്പറുകില്‍ മാറിമാറി വിളിച്ചാലാകും ഏതെങ്കിലും ഒന്നിലെങ്കിലും ബന്ധപ്പെടാന്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് സ്ത്രീ സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ നമ്പറുകളും ഏകോപിപ്പിച്ച് 181 എന്ന പുതിയ നമ്പര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും എവിടെനിന്നായാലും ഈ ഒറ്റ നമ്പര്‍ മാത്രം ഉപയോഗിക്കാമെന്നത് സ്ത്രീ സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കും എന്നാണ് പ്രതീക്ഷ.
അതേസമയം സംവിധാനം വേണ്ടപോലെ പ്രവര്‍ത്തന ക്ഷമമാക്കിയില്ലെങ്കില്‍ വലിയ തിരിച്ചടിയാകും ഉണ്ടാകുക. ഏതെങ്കിലും സാഹചര്യത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കാതെ വരികയോ മറ്റ് തടസ്സങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് ബന്ധപ്പെടാന്‍ മറ്റ് നമ്പറുകള്‍ ഇല്ല എന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. ഈ സാഹചര്യത്തില്‍ കോള്‍ സെന്ററിന്റെ സുതാര്യവും സുസ്ഥിരവുമായ പ്രവര്‍ത്തനവും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.