തനിക്കെതിരെയുള്ള ആരോപണം കളവാണെന്ന് കെസി വേണുഗോപാല്‍

Posted on: June 29, 2016 5:45 am | Last updated: June 29, 2016 at 12:47 am

K-C-Venugopalകൊച്ചി: സരിത എസ് നായരുമായി വ്യക്തിപരമായ അടുപ്പമില്ലെന്നും ബിജു രാധാകൃഷ്ണനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം കളവാണെന്നും മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ സോളാര്‍ അന്വേഷണ കമ്മീഷനില്‍ മൊഴി നല്‍കി. സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകളില്‍ തനിക്കെതിരായ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനില്‍ നിന്ന് രണ്ട് തവണകളായി 35 ലക്ഷം രൂപ കൈപ്പറ്റിയെന്ന ബിജുവിന്റെ മൊഴി കളവാണ്. ബിജു രാധാകൃഷ്ണനെ താന്‍ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ടീം സോളാറിന് എം എന്‍ ആര്‍ ഇയുടെ ചാനല്‍ പാര്‍ട്ണറാവാന്‍ രേഖകള്‍ ശരിയാക്കികൊടുക്കാമെന്നും ഇതിന്റെ ചെലവിലേക്ക് കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു തവണകളായി ഡ്രൈവര്‍ നാഗരാജന്റെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും കൈവശം ആലപ്പുഴയിലെ വസതിയില്‍ വെച്ച് ആദ്യം 25 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും കൈമാറിയെന്നായിരുന്നു ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നത്.