സി എം അബ്ദുല്ല മൗലവിയുടെ മരണം: സമ്പൂര്‍ണ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി

Posted on: June 29, 2016 12:44 am | Last updated: June 29, 2016 at 12:45 am
SHARE

CM-usthad_9കാസര്‍കോട്: ചെമ്പരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സെപ്തംബര്‍ ഒന്നിനകം സമ്പൂര്‍ണവും ശാസ്ത്രീയവുമായ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം സി ജെ എം കോടതി സി ബി ഐ തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 2010 ഫെബ്രുവരി 15നാണ് ഖാസിയെ കീഴൂര്‍ ചെമ്പരിക്കയില്‍ കടല്‍ക്കരയിലെ കടുക്ക കല്ലിന് സമീപം മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചകേസ് ഒടുവില്‍ സി ബി ഐ അന്വേഷിക്കുകയായിരുന്നു. ഗുരുതരമായ കരള്‍ രോഗബാധിതനായ ഖാസി ആത്മഹത്യ ചെയ്തതാണെന്നാണ് സി ബി ഐ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
എന്നാല്‍, മതപണ്ഡിതനായിരുന്ന പിതാവ് മതചര്യയില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നും വിശദമായ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി സ്വീകരിച്ച കോടതി പുനരന്വേഷണം നടത്തി ഇക്കഴിഞ്ഞ മെയ് 27നകം ശാസ്ത്രീയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും സംഘം ചെമ്പരിക്കയിലെത്തി ചിലരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. ഇതിനിടയിലാണ് കേസ് കഴിഞ്ഞ ദിവസം വീണ്ടും കോടതി മുമ്പാകെ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here