വൈദ്യുതി ബോര്‍ഡിന് 2.87 കോടി നഷ്ടമെന്ന് സി എ ജി

Posted on: June 29, 2016 6:34 am | Last updated: June 29, 2016 at 12:35 am

തിരുവനന്തപുരം: പുതിയ ദര്‍ഘാസുകള്‍ ക്ഷണിക്കുന്നതിലും ദര്‍ഘാസ് പൂര്‍ത്തിയാക്കുന്നതിലുമുള്ള കാലതാമസംകാരണം വൈദ്യുതി ബോര്‍ഡിന് 2.87 കോടി രൂപ നഷ്ടമുണ്ടായതായി സി എ ജി റിപ്പോര്‍്ട്ട്. 2011 മുതല്‍ 2015വരെ പ്രസരണ വിതരണ പ്രവൃത്തികള്‍ക്കായി 610 ഓര്‍ഡറുകളാണ് നല്‍കിയത.് ഇതില്‍ 152 ഓര്‍ഡറുകള്‍ തെരഞ്ഞെടുത്ത് ഓഡിറ്റ് ചെയ്തപ്പോഴാണ് നഷ്ടം കണ്ടെത്തിയത്.വൈദ്യുതി മോഷണം സംബന്ധിച്ച കേസുകള്‍ തീര്‍ക്കാന്‍ അതിവേഗ കോടതികള്‍ രൂപവത്കരിക്കാത്തതിനാല്‍ വൈദ്യുതി മോഷണ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടായി.
കേരള അഗ്രോ മെഷിനറി കോര്‍പറേഷനില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വ്യത്യസ്ത വില്‍പ്പനക്കാരില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വാങ്ങിയതിനാല്‍ 43.89 കോടി രൂപയുടെ അധിക ചെലവുണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കുറഞ്ഞ വിലക്ക് സ്‌പെയറുകള്‍ ന ല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയില്ലെന്നും റിപ്പോ ര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മാത്രമല്ല ടെന്‍ഡര്‍ ചട്ടപ്രകാരമല്ലാതെയാണ് വാങ്ങിയത്. ചട്ടപ്രകാരം രണ്ടരകോടിയില്‍ കൂടുതല്‍ തുകക്ക് സംസ്ഥാനത്തിനു പുറത്തുനിന്ന് വാങ്ങാന്‍ ചീഫ് സെക്രട്ടറി, ധന സെക്രട്ടറി, ബന്ധപ്പെട്ട സെക്രട്ടറിമാര്‍ എന്നിവരുടെ അനുമതി വേണം. എന്നാല്‍, 2010 മുതല്‍ 15വരെ 36.41 കോടി രൂപക്ക് സ്‌പെയറുകള്‍ വാങ്ങി.
മലബാര്‍ സിമന്റ്‌സിന് ചുണ്ണാമ്പുകല്ല് എത്തിക്കുന്നതിന് കരാര്‍ ഉണ്ടായിരിക്കേ മറ്റൊരു സ്ഥാപനത്തില്‍ നിന്ന് സാധനം വാങ്ങിയതിനാല്‍ കമ്പനിക്ക് 1.77 കോടി രൂപയുടെ അധിക ചെലവുണ്ടായി. സംസ്ഥാനത്തെ മലമ്പുഴ, ചുള്ളിയാര്‍, വാളയാര്‍ അണക്കെട്ടുകളില്‍ നിന്ന് മണല്‍ ശേഖരിച്ച് വൃത്തിയാക്കി വില്‍പ്പനക്ക് ഒരുക്കിയപ്പോള്‍ 6.42 കോടി രൂപയുടെ മണല്‍ ഒഴുകിപ്പോകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ കേബിള്‍ ടി വിക്കാരും കെ എസ് ഇ ബിയുടെ പോസ്റ്റുകളാണ് കേബിള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നത്. ലോക് അദാലത്തില്‍ ഉണ്ടാക്കിയ ഉഭയകക്ഷി ഉടമ്പടിമൂലം കമ്പനിക്ക് വാടകയിനത്തില്‍ 14.70 കോടി രൂപയുടെ നഷ്ടവും സേവന നികുതി സമാഹരണത്തില്‍ 1.75 കോടി രൂപയുടെ കമ്മിയും ഉണ്ടാതായും റിപ്പോര്‍ട്ടില്‍ പറയുന്നു.