Connect with us

Editorial

ആംആദ്മി സര്‍ക്കാറിനെ ശ്വാസംമുട്ടിച്ചു കൊല്ലരുത്

Published

|

Last Updated

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അനുദിനം രൂക്ഷമാവുകയാണ്. 21 ആം ആദ്മി എം എല്‍ എമാരെ ഇരട്ട പദവി പ്രശ്‌നത്തില്‍ അയോഗ്യരാക്കാനുള്ള നീക്കവും ഡല്‍ഹി സര്‍ക്കാര്‍ അംഗീകാരത്തിനയച്ച 14 ബില്ലുകള്‍ കേന്ദ്രം തരിച്ചയച്ചതുമാണ് ഇപ്പോള്‍ പ്രശ്‌നം വഷളാക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ബില്ലുകള്‍ മടക്കിയത്. എല്ലാ നിബന്ധനകളും പാലിച്ചാണ് അയച്ചതെന്ന് ഡല്‍ഹി സര്‍ക്കാറും പറയുന്നു. ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനങ്ങളും ബില്ലുകളും ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ട് തടയുന്നതും തള്ളുന്നതും പതിവാണ്. അതിനിടെ മുതിര്‍ന്ന പൗരനെ മര്‍ദിച്ചുവെന്ന കേസില്‍ എ എ പി. എം എല്‍ എ ദിനേശ് മോഹാനിയയെ വാര്‍ത്താ സമ്മേളനത്തിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതോടെ ബ്രെക്‌സിറ്റ് മാതൃകയില്‍ പൂര്‍ണ സംസ്ഥാന പദവക്കായി ഹിതപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ജനാധിപത്യ വ്യവസ്ഥക്കും ഫെഡറല്‍ സംവിധാനത്തിനും നിരക്കാത്ത സമീപനമാണ് ആം ആദ്മി സര്‍ക്കാറിന് നേരെ മോദി സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണ കക്ഷിയായ ബി ജെ പിയെയും കോണ്‍ഗ്രസിനെയും തറപറ്റിച്ചു ആം ആദ്മി പാര്‍ട്ടി 70ല്‍ 67സീറ്റോടെ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ അന്ന് തൊട്ടേ ആരംഭിച്ചതാണ് കെജ്‌രിവാള്‍ സര്‍ക്കാറിനെ കഴുത്തു ഞെരിച്ചു കൊല്ലാനുള്ള കേന്ദ്ര ശ്രമം. സംസ്ഥാന ആക്ടിംഗ് ചീഫ് സെക്രട്ടറിയായി കെജ്‌രിവാളിന് താത്പര്യമില്ലാത്ത ഒരാളെ അടിച്ചേല്‍പ്പിച്ചു കൊണ്ടായിരുന്നു തുടക്കം. മുഖ്യമന്ത്രി നടത്തിയ ചില നിയമനങ്ങള്‍ കേന്ദ്ര നിര്‍ദേശ പ്രകാരം ഗവര്‍ണര്‍ റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് സിവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കെജ്‌രിവാള്‍ സര്‍ക്കാറിന്റെ നടപടിയും കേന്ദ്രം അസാധുവാക്കി. ഡല്‍ഹി മന്ത്രിസഭ അംഗീകരിച്ച നിരക്ക് വര്‍ധനവിനുള്ള തീരുമാനത്തില്‍ ഒപ്പ് വെക്കാന്‍ വിസമ്മതിച്ചതിനായിരുന്നു ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. നിയമസഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കും മുമ്പു കേന്ദ്രത്തെ അറിയിച്ച് അംഗീകാരം നേടണമെന്ന് വ്യവസ്ഥയുണ്ട്. മുമ്പും പലപ്പോഴും സംസ്ഥാന ഭരണകൂടവും കേന്ദ്രവും തമ്മില്‍ ഇക്കാര്യത്തില്‍ ഉടക്കാറുണ്ടെങ്കിലും അന്നൊക്കെ രണ്ടിടത്തും ഒരേ പാര്‍ട്ടിയായായിരുന്നു അധികാരത്തിലെന്നതിനാല്‍ അവ ഒതുക്കിത്തീര്‍ക്കാറാണ് പതിവ്.
കേന്ദ്ര ഭരണപ്രദേശമായിരുന്നു ദല്‍ഹി. 1991ലാണ്് സ്വന്തമായി നിയമസഭ, ഹൈക്കോടതി തുടങ്ങി കൂടുതല്‍ സ്വതന്ത്ര അധികാരമുള്ള സംസ്ഥാനമായി ഉയര്‍ത്തപ്പെട്ടത്. എങ്കിലും ദേശീയ തലസ്ഥാന പ്രദേശ(എന്‍ സി സി)മെന്ന നിലയില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ചില അധികാരങ്ങള്‍ കേന്ദ്രത്തില്‍ തന്നെ നിക്ഷിപ്തമാക്കി. ഇതനുസരിച്ചു പോലീസ്, ഭൂമി തുടങ്ങിയ വകുപ്പുകള്‍ കേന്ദ്ര സര്‍ക്കാറിനു കീഴിലാണ്. ഭരണഘടനയുടെ 239ാം വകുപ്പനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ അപേക്ഷിച്ച് ഡല്‍ഹിയിലെ ലഫ്. ഗവര്‍ണര്‍ക്ക് ചില സവിശേഷ അധികാരങ്ങളും അനുവദിച്ചു. ലഫ്. ഗവര്‍ണറുടെ ഈ അധികാരങ്ങളെയും പോലീസിനെയും ഉപയോഗിച്ചാണ് ഡല്‍ഹിയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ മോദി ശ്രമിച്ചുവരുന്നത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ നോക്കുകുത്തിയാക്കി ലഫ്. ഗവര്‍ണറാണ് ഇവിടെ പലപ്പോഴും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. നേരത്തെ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട കക്ഷിയാണ് ബി ജെ പി. “ദല്‍ഹിക്ക് സംസ്ഥാന പദവി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരും” എന്നതായിരുന്നു 2013ലെ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മുഖ്യ വാഗ്ദാനം. കേന്ദ്രത്തില്‍ മോദി അധികാരത്തിലേറിയതോടെയാണ് പാര്‍ട്ടി മലക്കം മറിഞ്ഞത്.
കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ഭരണരീതിയാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക, വികസന മേഖലകളില്‍ സ്വന്തമായി മുന്നേറാന്‍ സാധിക്കുന്ന തരത്തിലാണ് അവയുടെ അധികാരം നിര്‍ണയിക്കപ്പെട്ടത്. ഇത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നേടാനും വികസനത്തിന്റെ വികേന്ദ്രീകരണത്തിന് ഉപയുക്തവുമാണ്. ഹൃദ്യമായ ഒരു കേന്ദ്ര, സംസ്ഥാന ബന്ധമായിരുന്നു തുടക്കത്തില്‍ മോദി വാഗ്ദാനം ചെയ്തിരുന്നത്. ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തുകയും കേന്ദ്ര സംസ്ഥാന ബന്ധം ശക്തമാക്കുകയും ചെയ്യുമെന്ന് അധികാരത്തിലേറിയ ഉടനെ അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്രാധികാരത്തിന്റെ ബലത്തില്‍ സംസ്ഥാനങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്താനും അതിന് സന്നദ്ധമല്ലാത്തവരെ പുകച്ചു ചാടിക്കാനുമുള്ള സ്വേച്ഛാധിപത്യ നിലപാടാണ് പിന്നീട് അദ്ദേഹത്തില്‍ നിന്ന് പ്രകടമായത്. ഡല്‍ഹിയില്‍ മാത്രമല്ല, പല സംസ്ഥാനങ്ങളിലും ജനാധിപത്യ വ്യവസ്ഥക്കും ഫെഡറല്‍ സംവിധാനത്തിനും നാണക്കേടുണ്ടാക്കുന്ന സംഭവ വികാസങ്ങള്‍ അടുത്തിടെയായി അരങ്ങേറുകയുണ്ടായി. ഭരണഘടനയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഏകപക്ഷീയ നീക്കങ്ങള്‍. ഇത് രാജ്യത്തിന്റെ കെട്ടുറപ്പിനെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാറും ബി ജെ പി നേതൃത്വവും മനസ്സിലാക്കേണ്ടതുണ്ട്.

Latest