ജിഷയുടെ ഘാതകന്‍ കുറ്റവാളിയോ മനോരോഗിയോ?

കൊല്ലപ്പെട്ട ജിഷയും കൊന്നുവെന്നാരോപിക്കപ്പെടുന്ന വ്യക്തിയും ഏറെക്കുറെ സമാന സാഹചര്യങ്ങളില്‍ ജീവിച്ചവരായിരുന്നു. ഒരാള്‍ അസമിലും മറ്റേയാള്‍ കേരളത്തിലും ആണെന്നു മാത്രമാണ് വ്യത്യാസം. കേരളത്തിന്റെ സാഹചര്യങ്ങളുടെ പ്രത്യേകത മൂലം ആകാം ജിഷക്കു ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കു പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നു. അസമിലെ സമാനസാഹചര്യമാണ് കേരളത്തിലും എങ്കില്‍ ജിഷയും ഒരു നിര്‍മാണ തൊഴിലാളിയോ ഒരു ദേശാന്തരവാസിയോ ആയി ജീവിതം നയിക്കേണ്ടിവരുമായിരുന്നു.
Posted on: June 29, 2016 6:00 am | Last updated: June 29, 2016 at 12:28 am

jisha-prathiലൈംഗിക ചിന്തകളിലേക്കു മനസ്സ് വഴുതിപ്പോകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ മൗണ്ട്ഏതോസിലെ ക്രൈസ്തവ സന്യാസാശ്രമത്തില്‍ സ്ത്രീകള്‍ക്കു മാത്രമല്ല പെണ്‍വര്‍ഗത്തില്‍പ്പെട്ട പശു, എരുമ, ആട്, കോഴി ഇവക്കൊന്നും പ്രവേശം അനുവദിച്ചിരുന്നില്ലെന്നാണ് നിക്കോസ് കസാന്‍ദ്‌സാക്കിസ് എഴുതിയിരിക്കുന്നത്. പാവങ്ങള്‍! മനുഷ്യവര്‍ഗത്തില്‍പെട്ട സ്ത്രീകള്‍ക്കു മാത്രമല്ല. നാല്‍ക്കാലികള്‍ക്കും ഇരുകാലി ജന്തുക്കളായ ഇവിടുത്തെ ചില ആണുങ്ങളെ പേടിച്ചുപുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണുള്ളതെന്നല്ലേ, പോലീസ് പറയുന്നത് ശരിയെങ്കില്‍, ജിഷയുടെ ഘാതകനെന്ന നിലയില്‍ അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന അസാംകാരന്‍ തെളിയിച്ചത്. കഷ്ടം!
ജിഷയുടെ ഘാതകന്‍ എന്ന പോലീസ് പറയുന്ന അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്തുമാത്രം ജനരോഷം ആണ് അണപൊട്ടി ഒഴുകിയത്. ഹെല്‍മറ്റ് ധരിപ്പിച്ച മുഖം മറച്ചു കൊണ്ടുപോയ കുറ്റവാളിയുടെ മുഖം ഒരു നോക്കു കണ്ടേ മതിയാകൂ എന്നു പെരുമ്പാവൂര്‍ നിവാസികളുടെ ശാഠ്യം എത്രമാത്രം ബുദ്ധിമുട്ടുകളാകും പോലീസിനുണ്ടാക്കിയിരുന്നത്? ഇന്ത്യന്‍ പ്രധാനമന്ത്രിയോ മാര്‍പാപ്പയോ ഹോളിവുഡ്/ബോളിവുഡ് നടികളോ നടന്മാരോ ഒളിമ്പിക്‌സ് താരങ്ങളോ വന്നിറങ്ങിയാലും അവരെ കാണാന്‍ ജനങ്ങള്‍ ഇത്ര ആവേശം കാണിച്ച ചരിത്രമില്ല. ഈ ആള്‍ക്കൂട്ടത്തിന്റെ മുഖത്തു പ്രതിഫലിച്ചത് ആഹ്ലാദമോ അമര്‍ഷമോ? വെറുതെയാണോ സിനിമാ തിയേറ്ററുകളിലെ അടിപ്പടങ്ങള്‍ കാണാന്‍ ഇടിച്ചു കയറുന്ന മലയാളി, ഇടിവീരന്മാരും അക്രമകാരികളുമായ വില്ലന്‍ കഥാപാത്രങ്ങളുടെ ആരാധകരായി മാറുന്നത്? അടി, ഇടി, വസ്ത്രാക്ഷേപം, ബലാത്‌സംഗം, കൊലപാതകം ഇവയൊക്കെ ചേരുവകളായി ഇല്ലാതെ ആരെങ്കിലും സിനിമ പിടിച്ചാല്‍ അധികം താമസിയാതെ അവര്‍ പാപ്പര്‍ പട്ടികയില്‍ ഇടം പിടിക്കുന്നതു നമ്മള്‍ക്കു പരിചിതമാണ്.
നമ്മള്‍ മലയാളികളില്‍ ഭൂരിപക്ഷവും ഒരുതരം മനോരോഗികളായി മാറുന്നതിന്റെ ലക്ഷണമല്ലേ കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ വഴിയോരങ്ങളില്‍ കണ്ടത്? ഈ കാഴ്ച കാണാന്‍ എത്തിയവരില്‍ അധികം പേരുടെ ഉള്ളിന്റെ ഉള്ളിലും ഒരു ഗോവിന്ദച്ചാമി അല്ലെങ്കില്‍ ഒരു അമീര്‍ ഒളിച്ചിരിക്കുന്നു എന്നതാണ് കേരളത്തിലെ പെണ്‍കുട്ടികളെ ഭയാകുലരാക്കുന്നത്. അവര്‍ ഭയപ്പെടുന്നത് കേവലം, ഒരന്യ സംസ്ഥാന തൊഴിലാളിയെ മാത്രമല്ല, സ്വന്തം പിതാവ്, രണ്ടാനച്ചന്‍, സഹോദരന്‍, സഹോദരിയുടെ ഭര്‍ത്താവ്, അധ്യാപകന്‍, അയല്‍ക്കാരന്‍, സഹപാഠി, വികാരിയച്ചന്മാര്‍, ആള്‍ദൈവങ്ങള്‍, ഡോക്ടര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിങ്ങനെ ആരെയും ആകാമെന്നു വരുമ്പോള്‍, എന്തു സുരക്ഷയാണ് നമുക്ക് നമ്മുടെ പെണ്‍കുട്ടികള്‍ക്കു വാഗ്ദാനം ചെയ്യാന്‍ കഴിയുക? സമീപകാലത്തെ പത്രവാര്‍ത്തകളിലൂടെ ഒന്നു കണ്ണോടിച്ചു നോക്കൂ. എല്ലാ സ്ത്രീപീഡനങ്ങളിലും മേല്‍പ്പറഞ്ഞ സമൂഹത്തിലെ മാന്യന്മാരില്‍ ആരെങ്കിലും ഒരാള്‍ പ്രതിസ്ഥാനത്ത് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് കാണാം.
ഇപ്പോള്‍ മാധ്യമ വിവരങ്ങളെ വിശ്വസിക്കാമെങ്കില്‍ ജിഷയുടെ കൊലപാതകിയായി പിടിക്കപ്പെട്ട അന്യസംസ്ഥാന തൊഴിലാളി ഒരു കുറ്റവാളിയോ മനോരോഗിയോ എന്ന കാര്യത്തില്‍ ഇനി വ്യക്തതയുണ്ടാകേണ്ടിയിരിക്കുന്നു. ലോകത്തെവിടേയും ഉള്ള നീതിന്യായവ്യവസ്ഥയെ സമയവ്യവസ്ഥയില്‍ കുറ്റവാളികളെയും മനോരോഗികളെയും ഒരു പോലെ കാണാറില്ല. ഒരു വ്യക്തി കുറ്റവാളിയാകുന്നത് അയാളുടെ വ്യക്തിപരമായ തെറ്റും ഒരു മനോരോഗി കുറ്റകൃത്യത്തിലേക്കു നയിക്കപ്പെടുന്നത് അയാളെ മനോരോഗിയാക്കുന്നതില്‍ സാരമായ പങ്കുവഹിച്ച അയാള്‍ ജീവിക്കുന്ന സമൂഹത്തിന്റെ തെറ്റും ആണെന്ന നിഗമനത്തിലാണ് മനോരോഗിക്കുള്ള ശിക്ഷയുടെ കാര്യത്തില്‍ നീതിന്യായ വ്യവസ്ഥ ചില ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഒടുവില്‍ അമീര്‍ ഇത്തരം ചില ഇളവുകള്‍ക്കര്‍ഹനായി തീരുമോ എന്ന ആശങ്കയും നമ്മളെ അലട്ടി തുടങ്ങിയിരിക്കുന്നു.
നിലവിലുള്ള നിയമങ്ങളുടെ ലംഘനം വഴി അതു പ്രവര്‍ത്തിക്കുന്ന വ്യക്തി; വ്യക്തിപരമായ നേട്ടങ്ങള്‍ പ്രതീക്ഷിച്ചു ചെയ്യുന്ന കൃത്യങ്ങളാണ് കുറ്റകൃത്യങ്ങള്‍ (crime). തീവെപ്പു പോലുള്ള കുറ്റകൃത്യങ്ങള്‍, കൈയേറ്റം, പ്രഹരിക്കര്‍, കൈക്കൂലി, പണാപഹരണം പിടിച്ചു പറി, വ്യാജരേഖ ചമയ്ക്കല്‍, തട്ടിക്കൊണ്ടു പോകല്‍, സത്യപ്രതിജ്ഞാലംഘനം, കൊലപാതകം, പകര്‍പ്പവകാശ നിയമം ലംഘിക്കല്‍, ബലാത്‌സംഗം, ഉപജാപം, കള്ളക്കടത്ത്, രാജ്യദ്രോഹം, മോഷണം, നിയമവിരുദ്ധ പണമിടപാടുകള്‍, ഇവയൊക്കെയാണ് ലോകവ്യാപകമായി ശിക്ഷാര്‍ഹമായ കുറ്റങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. ജിഷാ വധക്കേസില്‍ പിടിയിലായ പ്രതിയുടെ പേരില്‍ പ്രഥമദൃഷ്ട്യാ വ്യക്തിപരമായ നേട്ടങ്ങളുടെ പ്രതീക്ഷ എന്ന ലക്ഷ്യം ആരോപിക്കാന്‍ ആകുന്നില്ല. എങ്കില്‍ തന്നെ ഇവയില്‍ ഒന്നോ അതിലേറെയോ വകുപ്പുകള്‍ ചാര്‍ത്തി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസിനു കഴിഞ്ഞെന്നുവരാം. ഇതുകൊണ്ടു മാത്രം കേരളത്തില്‍ ഇനിമേല്‍ തത്തുല്യമായ പാതകങ്ങളൊന്നും സംഭവിക്കുകയില്ലെന്നു ആര്‍ക്ക് ഉറപ്പിച്ചു പറയാനാകും?
ഇവിടെയാണ് കുറ്റകൃത്യം അരങ്ങേറിയ സമയത്തെ പ്രതിയുടെ മാനസികാവസ്ഥയെ ഈ നിലയിലേക്ക് തള്ളിവിട്ട സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിക്കേണ്ടത്. കൊല്ലപ്പെട്ട ജിഷയും കൊന്നുവെന്നാരോപിക്കപ്പെടുന്ന വ്യക്തിയും ഏറെക്കുറെ സമാന സാഹചര്യങ്ങളില്‍ ജീവിച്ചവരായിരുന്നു. ഒരാള്‍ അസമിലും മറ്റേയാള്‍ കേരളത്തിലും ആണെന്നു മാത്രമാണ് വ്യത്യാസം. കേരളത്തിന്റെ സാഹചര്യങ്ങളുടെ പ്രത്യേകത മൂലം ആകാം ജിഷക്കു ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കു പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നു. അസമിലെ സമാനസാഹചര്യമാണ് കേരളത്തിലും എങ്കില്‍ ജിഷയും ഒരു നിര്‍മാണ തൊഴിലാളിയോ ഒരു ദേശാന്തരവാസിയോ ആയി ജീവിതം നയിക്കേണ്ടിവരുമായിരുന്നു. ദാരിദ്ര്യം ഒരു കുറ്റമല്ല. പക്ഷേ, ദരിദ്രര്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടും. അമീര്‍ ചില്ലറക്കാരനല്ല. 24-ാം വയസ്സില്‍ രണ്ട് ഭാര്യമാര്‍. രണ്ടു പേരിലും മക്കള്‍! സ്വന്തം അമ്മയുടേയും അയല്‍ക്കാരുടെയും മുമ്പില്‍ നല്ല പിള്ള. മദ്യാസക്തി മാത്രമാണ് പത്രക്കാരുടെ മുമ്പില്‍ ബന്ധുമിത്രാദികള്‍ ഇയാള്‍ക്കെതിരെ ആക്ഷേപിച്ച ഏക കുറ്റം.
മനുഷ്യരെ കുറ്റകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ക്കു കാര്യമായ പങ്കുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കു മാന്യവും മനുഷ്യാന്തസ്സിനു നിരക്കുന്നതുമായ പുനരധിവാസ സൗകര്യം ഒരുക്കേണ്ടത് അവരോടു നമ്മള്‍ കാണിക്കുന്ന കേവല ഔദാര്യത്തിന്റെ നിദര്‍ശനം മാത്രമല്ല; നമ്മുടെ ജീവിത സുരക്ഷിതത്വത്തിനും അനിവാര്യമാണെന്ന കാര്യം നമ്മുടെ സാമൂഹിക ക്ഷേമ വകുപ്പ് ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ആരെന്തൊക്കെപ്പറഞ്ഞാലും എന്തൊക്കെ തൂവലുകള്‍ കേരള പോലീസിന്റെ തൊപ്പിയില്‍ തിരുകിക്കൊടുത്താലും ക്രൈം മോട്ടീവേഷന്‍ സാമാന്യ ജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന തരത്തില്‍ അനാവരണം ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥന്മാര്‍ക്കു ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതു സംബന്ധമായി ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ പൂരിപ്പിക്കപ്പെടാത്ത ഒട്ടേറെ സമസ്യകള്‍ ബാക്കി നില്‍ക്കുന്നു.
സംഭവം കഴിഞ്ഞ ആദ്യത്തെ മൂന്നു ദിവസം വാര്‍ത്തകള്‍ പുറത്തുവിടാതെ ലോക്കല്‍ പോലീസ് എന്തിനു ജാഗ്രത പുലര്‍ത്തി? ആരാണവര്‍ക്കു മേല്‍ ഇതിനായി സമ്മര്‍ദം ചെലുത്തിയത്? തിരഞ്ഞെടുപ്പു കാലമായതുകൊണ്ടും കൊല്ലപ്പെട്ടത് ഒരു ദളിത് പാര്‍ശ്വവത്കൃത പെണ്‍കുട്ടിയായതിനാലും കുറ്റവാളിയെ കണ്ടുപിടിക്കുന്നതില്‍ പോലീസിനുണ്ടായേക്കാവുന്ന കാലതാമസം അന്നത്തെ സര്‍ക്കാറിന്റെ പ്രതിഛായയെ ബാധിച്ചേക്കാം എന്നതിനാല്‍ ആഭ്യന്തരവകുപ്പു തന്നെ ലോക്കല്‍ പോലീസിനു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നേക്കാം എന്ന അനുമാനം തെറ്റാകാനിടയില്ല. പോസ്റ്റ്‌മോര്‍ട്ടവും തുടര്‍ന്നു നടന്ന ധൃതി പിടിച്ചുള്ള കത്തിക്കലും.! ഒരുപക്ഷേ, പെരുമ്പാവൂരെ ആഢ്യന്മാരായ പരേതാത്മക്കള്‍ നിത്യവിശ്രമം കൊള്ളുന്ന ശ്മശാനങ്ങളില്‍ ഇങ്ങനെ നികൃഷ്ടമായ രീതിയില്‍ കൊല ചെയ്യപ്പെട്ട ഒരു ദളിത് യുവതിയെ സംസ്‌കരിക്കാന്‍ ഒരിടം കണ്ടെത്തുക എന്നത് സ്ഥലത്തെ ദിവ്യന്മാര്‍ക്കു അനായാസം കഴിയാത്തതു കൊണ്ടു കൂടിയാകാം ഈ ഇടിപിടി കത്തിക്കല്‍. അതിലൊന്നും മനഃപൂര്‍വമുള്ള തെളിവു നശിപ്പിക്കല്‍ ആരോപിക്കേണ്ടതില്ല.
പിന്നെ ചെരുപ്പ് കെട്ടി തൂക്കി പൊതുജനങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചുത് എന്തിന് എന്ന് വ്യക്തമല്ല. ചെരുപ്പിന്റെ ഉടമസ്ഥന്‍ ചെരുപ്പു തേടി വരുമെന്നൊക്കെ കണക്കു കൂട്ടാന്‍ മാത്രം വിഡ്ഢികള്‍ ഇന്നും കേരളാ പോലീസില്‍ ഉണ്ടെന്നാണോ? പ്രതിയെ കിട്ടിയില്ലെങ്കിലെന്ത്? അയാളുടെ ചെരുപ്പ് ഞങ്ങള്‍ കസ്റ്റടിയിലെടുത്തിരിക്കുന്നു. പെട്ടി മോഷണം പോയതു സാരമില്ല. താക്കോല്‍ എന്റെ കൈയില്‍ തന്നെയല്ലെ ഉള്ളത് എന്നു പറഞ്ഞ് ആ ശുദ്ധാത്മാവായ പഴയ നമ്പൂതിരിയുടെ പിന്‍മുറക്കാരെയാണോ രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ തന്റെ ഭരണകാലത്ത് ക്രമസമാധാന പരിപാലനത്തിനു നിയോഗിച്ചിരുന്നത്? അങ്ങനെയെങ്കില്‍ അതു കഷ്ടം തന്നെ. (തുടരും)
കെ സി വര്‍ഗീസ് -9446268581