‘ലഹരിക്കെതിരെ ജനകീയ കൂട്ടായ്മകള്‍ വേണം’

Posted on: June 28, 2016 7:58 pm | Last updated: June 28, 2016 at 8:59 pm

ദോഹ: പുകവലി, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് ആന്റി സ്‌മോകിംഗ് സൊസൈറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭാരവാഹികള്‍. ലഹരി ഉപഭോഗം ലോകത്തെമ്പാടും ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ അതില്‍ നിന്നും മുഖം തിരിക്കുവാന്‍ സാമൂഹ്യ ബോധമുള്ളവര്‍ക്ക് സാധ്യമല്ലെന്നും പരിസരങ്ങള്‍ ലഹരിമുക്തമാകുന്നതിന് കൂട്ടായ പരിശ്രമങ്ങള്‍ അത്യാവശ്യമാണെന്നും ആന്റി സ്‌മോകിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എം പി ഹസന്‍ കുഞ്ഞി അഭിപ്രായപ്പെട്ടു. ലഹരി പദാര്‍ഥങ്ങള്‍ മാനവരാശിക്ക് സാമ്പത്തികവും ആരോഗ്യപരവും സാമൂഹികവും ധാര്‍മികവും നിയമപരവുമായ വെല്ലുവിളികളാണ് ഉയര്‍ത്തുന്നതെന്ന് ലഹരി വിരുദ്ധദിന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുര്‍റഷീദ് പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ആന്റി സ്‌മോകിംഗ് സൊസൈറ്റി ഖത്വറില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും പൊതുജനങ്ങളിലും സ്വാധീനമുണ്ടാക്കിയതായി സൊസൈറ്റി സി ഇ ഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. സൊസൈറ്റി കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.