ഒരു മാസം നീളുന്ന വേനല്‍ക്കാല ഉത്സവവുമായി ഖത്വര്‍ ടൂറിസം അതോറിറ്റി

Posted on: June 28, 2016 8:49 pm | Last updated: June 29, 2016 at 8:39 pm

QTA Logo-Newദോഹ: ഒരു മാസം നീളുന്ന ഖത്വര്‍ വേനല്‍ക്കാല ഉത്സവത്തിന്റെ മൂന്നാം പതിപ്പിന് ഖത്വര്‍ ടൂറിസം അതോറിറ്റി (ക്യു ടി എ) തയ്യാറെടുപ്പ് നടത്തുന്നു. ഈദുല്‍ ഫിതര്‍ കഴിഞ്ഞ് മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് വേനല്‍ക്കാല ഉത്സവത്തിന് തുടക്കം കുറിക്കുക.
പ്രത്യേക ഹോട്ടല്‍ നിരക്ക്, സാംസ്‌കാരിക പരിപാടികള്‍, ഷോപ്പിംഗ് പ്രമോഷന്‍, രണ്ട് മില്യന്‍ ഖത്വര്‍ റിയാല്‍ വരെയുള്ള നറുക്കെടുപ്പ് അടക്കം വിപുലമായ ആകര്‍ഷക പാക്കേജ് ആണ് പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഫെസ്റ്റിവല്‍ സമയത്തുണ്ടാകുക. പ്രത്യേക പരിപാടികള്‍ ഉള്‍പ്പെടുത്തി വേനല്‍ക്കാല ഉത്സവം കെങ്കേമമാക്കുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളുടെ അഭിപ്രായം ക്യു ടി എ ആരാഞ്ഞിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രത്യേക പാക്കേജ് ഒരുക്കാനുള്ള പാര്‍ട്ണര്‍ഷിപ്പ് ഇപ്രാവശ്യം ഇരട്ടിയായിട്ടുണ്ട്. 56 ഹോട്ടലുകള്‍ പാര്‍ട്ണര്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ‘രണ്ട് രാത്രികള്‍ക്ക് ബുക്ക് ചെയ്താല്‍ മൂന്നാം രാത്രി സൗജന്യം’, ‘അഞ്ച് രാത്രികള്‍ക്ക് ബുക്ക് ചെയ്താല്‍ ആറാം രാത്രി സൗജന്യം’ അടക്കം നിരവധി ഓഫറുകളാണ് ഹോട്ടലുകള്‍ പ്രഖ്യാപിച്ചത്. സൗജന്യ പ്രാതല്‍, ലേറ്റ് ചെക്ക് ഔട്ട്, കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം (രക്ഷിതാക്കളോടൊപ്പമുള്ള പരമാവധി മൂന്ന് കുട്ടികള്‍ക്ക്), ഹമദ് വിമാനത്താവളത്തില്‍ നിന്ന് സൗജന്യമായി ഹോട്ടലിലേക്കെത്തലും പോകലും തുടങ്ങി നിരവധി മറ്റ് ഇളവുകളുമുണ്ട്. ഈ സമയം ബുക്ക് ചെയ്യുന്ന രാജ്യത്ത് വസിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്.
വേനല്‍ക്കാല ഉത്സവ പ്രചാരണവുമായി ബന്ധപ്പെട്ട് ജി സി സിയിലുടനീളം ക്യു ടി എ റോഡ്‌ഷോ നടത്തിയിട്ടുണ്ട്. വേനല്‍ക്കാല യാത്രാ പാക്കേജുകളില്‍ ഖത്വറിനെ കൂടി ഉള്‍പ്പെടുത്താന്‍ 500 ട്രാവല്‍ ട്രേജ് പ്രൊഫഷനലുകള്‍ താത്പര്യം പ്രകടിപ്പിച്ചത് റോഡ്‌ഷോയുടെ വിജയമാണ്. മേഖലയിലെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടുന്ന സംഗീതനിശ, കോമഡി ഷോ, കായിക പരിപാടികള്‍ അടക്കമുള്ള വേനല്‍ക്കാല ഉത്സവം ‘നിങ്ങളുടെ വേനല്‍ക്കാലത്തിന് നിറം ചാര്‍ത്തൂ’ എന്ന പ്രമേയത്തിലാണ് ക്യു ടി എ ആഘോഷിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മികച്ച ഗേമിംഗ് അനുഭവം നല്‍കുന്ന എന്റര്‍ടെയ്ന്‍മെന്റ് സിറ്റിയും ഈ കാലയളവില്‍ തുറക്കും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരിക്കും എന്റര്‍ടെയ്ന്‍മെന്റ് സിറ്റി പ്രവര്‍ത്തിക്കുക.